ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണം; രണ്ട് സിപിഎം പ്രവർത്തകർ കൂടി അറസ്റ്റിൽ, പ്രതികൾ ഏഴായി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ റെയ്ഡിനെത്തിയ ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണക്കേസിൽ രണ്ട് സിപിഎം പ്രവർത്തകർ കൂടി അറസ്റ്റിൽ. നരുവാമൂട് സ്വദേശി കിരൺ, വട്ടിയൂർക്കാവ് സ്വദേശി അനിൽ എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. മറ്റൊരാൾ കൂടി കസ്റ്റഡിയിലായെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി അഞ്ചുപേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. റെയ്ഡിനിടെ ഉണ്ടായ സംഘർഷം ആസൂത്രിതമാണെന്നാണ് ഇ.ഡി ഉദ്യോഗസ്ഥരുടെ ആരോപണം. അക്രമം പെട്ടെന്നുണ്ടായതല്ലെന്നും മുൻകൂട്ടി തയ്യാറാക്കിയ നീക്കമാണെന്നുമാണ് ഉദ്യോഗസ്ഥർ കേന്ദ്ര ഡയറക്ടറേറ്റിന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായതായി കേന്ദ്ര ഇന്റലിജൻസ് വിഭാഗവും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. റെയ്ഡിനും തുടർന്ന് ഉണ്ടായ ആക്രമണത്തിനും ബന്ധപ്പെട്ട റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രിക്കും ധനമന്ത്രിക്കും കൈമാറിയതായാണ് വിവരം.

റെയ്ഡ് പൂർത്തിയാക്കി മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനം തിരുവനന്തപുരത്തെ വസതിക്കു മുന്നിൽവച്ചാണ് ആക്രമിക്കപ്പെട്ടത്. സിപിഎം പ്രവർത്തകർ വാഹനം തടഞ്ഞ് തകർത്തതായും ഒരു ഇ.ഡി ഉദ്യോഗസ്ഥനും ഡ്രൈവർക്കും പരിക്കേറ്റതായും പരാതിയുണ്ട്.

തുടർന്ന് ഇ.ഡി സംഘം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതോടെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. പിന്നാലെ പാളയത്തെ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ ഒളിച്ചിരുന്ന നാല് പ്രതികൾ ഉൾപ്പെടെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

പാർട്ടി ഓഫീസിലേക്ക് കയറുന്നതിൽ നിന്ന് പൊലീസിനെ നേതാക്കളും പ്രവർത്തകരും തടഞ്ഞെങ്കിലും, പ്രതികളെ പിടികൂടുന്നതിൽ നിന്ന് പിൻമാറില്ലെന്ന നിലപാടിൽ പൊലീസ് ഉറച്ചു നിന്നു. ഒടുവിൽ പാർട്ടി നേതാക്കൾ തന്നെ പ്രതികളെ പുറത്തിറക്കി പൊലീസിന് കൈമാറുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button