ത്യാഗത്തിന്റെയും വിശ്വാസത്തിന്റെയും സന്ദേശവുമായി ബലിപെരുന്നാൾ; സംസ്ഥാനമൊട്ടാകെ ആഘോഷം

തിരുവനന്തപുരം: ത്യാഗത്തിന്റെയും അചഞ്ചല വിശ്വാസത്തിന്റെയും സന്ദേശമുണർത്തി സംസ്ഥാനമൊട്ടാകെ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുന്നു. പുലർച്ചെ മുതൽ പള്ളികളിൽ പ്രത്യേക പെരുന്നാൾ നമസ്കാരങ്ങൾ നടന്നു. നമസ്കാരശേഷം വിശ്വാസികൾ പരസ്പരം സ്നേഹാശംസകൾ കൈമാറി ആഘോഷങ്ങളിൽ പങ്കുചേർന്നു.
സംസ്ഥാനത്തെ വിവിധ പള്ളികളിലും മതസംഘടനകളുടെ നേതൃത്വത്തിലുമായി ഈദ്ഗാഹുകൾ ആരംഭിച്ചു. എന്നാൽ പ്രതികൂല കാലാവസ്ഥയെ തുടർന്ന് ചിലയിടങ്ങളിൽ ഈദ്ഗാഹുകൾ ഒഴിവാക്കിയിട്ടുണ്ട്. പെരുന്നാൾ നമസ്കാരത്തിന് പിന്നാലെ ബലിപെരുന്നാളിന്റെ പ്രധാന അനുഷ്ഠാനമായ ബലികർമ്മവും നടന്നു. സംഘടിതമായും വീടുകൾ കേന്ദ്രീകരിച്ചും നടത്തുന്ന ബലികർമ്മത്തിനായുള്ള ഒരുക്കങ്ങൾ നേരത്തേ പൂർത്തിയാക്കിയിരുന്നു.
ഹിജ്റ കലണ്ടറിലെ ദുൽഹജ്ജ് മാസത്തിലെ പത്താം ദിവസമാണ് ബലിപെരുന്നാൾ ആചരിക്കുന്നത്. ദൈവകൽപ്പന അനുസരിച്ച് പ്രിയപുത്രൻ ഇസ്മാഈലിനെ ബലിയർപ്പിക്കാൻ സന്നദ്ധനായ പ്രവാചകൻ ഇബ്രാഹിം നബിയുടെ ത്യാഗസന്നദ്ധതയുടെ ഓർമ്മപ്പെടുത്തലാണ് ഈ പെരുന്നാൾ.
പരിശുദ്ധ മക്കയിൽ ഹജ്ജ് നിർവഹിച്ച വിശ്വാസികളുടെ ആത്മീയ സംഗമത്തിന്റെ സമാപനവുമായി ബന്ധപ്പെട്ടും ബലിപെരുന്നാൾ ആഘോഷിക്കപ്പെടുന്നു. ഹാജിമാരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിശ്വാസികൾ ഇന്നലെ അറഫ നോമ്പും അനുഷ്ഠിച്ചിരുന്നു.
തക്ബീർ ധ്വനികളാൽ ഭക്തിസാന്ദ്രമാകുന്ന അന്തരീക്ഷം, അത്തറിന്റെ സുഗന്ധം, പുതുവസ്ത്രങ്ങളണിഞ്ഞ് പള്ളികളിലെ ഒത്തുചേരലുകൾ എന്നിവ പെരുന്നാളിന് പ്രത്യേക ഭംഗി പകരുന്നു. വിഭവസമൃദ്ധമായ ഭക്ഷണം പങ്കുവെച്ചും ആശംസകൾ കൈമാറിയും കുടുംബ-സാമൂഹിക ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്ന ദിനമായും ബലിപെരുന്നാൾ മാറുന്നു.



