സംസ്ഥാനത്ത് മഴ ശക്തം; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മത്സ്യബന്ധനത്തിന് നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
വരും ദിവസങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തീരദേശ മേഖലകളിൽ താമസിക്കുന്നവരും കടലോര മേഖലകളിലേക്ക് പോകുന്നവരും ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകി.
അതേസമയം, സംസ്ഥാനത്ത് കാലവർഷം എത്തുന്നതിൽ വൈകാനിടയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പുതിയ വിലയിരുത്തൽ. പടിഞ്ഞാറൻ കാറ്റിന്റെ ദുർബലതയും അറബിക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയും കാലവർഷത്തിന്റെ മുന്നേറ്റത്തെ പ്രതികൂലമായി ബാധിച്ചെന്നാണ് വിശദീകരണം.
മെയ് 26-ന് കേരളത്തിൽ കാലവർഷം എത്തുമെന്നായിരുന്നു നേരത്തെ പ്രവചിച്ചിരുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ജൂൺ ആദ്യവാരത്തോടെ മാത്രമേ കാലവർഷം സജീവമാകാൻ സാധ്യതയുള്ളുവെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും മഴ തുടരുമെന്നതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.



