കേസ് അവസാനിച്ച ശേഷം പ്രതികരണം; നീതിയിൽ വിശ്വാസമെന്ന് എൽദോസ് കുന്നപ്പിള്ളി

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ നെയ്യാറ്റിൻകര കോടതി വിധിക്ക് പിന്നാലെ പ്രതികരണവുമായി എൽദോസ് കുന്നപ്പിള്ളി രംഗത്തെത്തി. താൻ കുറ്റവിമുക്തനാകുമെന്ന് ആദ്യം മുതലേ ഉറപ്പായിരുന്നുവെന്നും, കോടതിയിലും നീതിന്യായ വ്യവസ്ഥയിലും പൂർണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി തന്നെ അനീതിപരമായി പെരുമാറി എന്ന് കരുതുന്നില്ലെന്നും, പാർട്ടി പറഞ്ഞാൽ മാറിനിൽക്കാൻ താൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. സീറ്റ് നിഷേധിച്ചെങ്കിലും തനിക്ക് പാർട്ടി തന്നെയാണ് വലുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ, ലൈംഗികാതിക്രമക്കേസിൽ പ്രതിയായതിനെ തുടർന്ന് എൽദോസ് കുന്നപ്പിള്ളിയുടെ സ്ഥാനാർഥിത്വം കോൺഗ്രസ് ഹൈക്കമാൻഡ് നിഷേധിച്ചിരുന്നു. സ്ക്രീനിംഗ് കമ്മിറ്റിയിലെ മുതിർന്ന ദേശീയ നേതാക്കൾ അടക്കം അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വത്തെ ശക്തമായി എതിർത്തിരുന്നു.
കേസുമായി ബന്ധപ്പെട്ട് പരാതിക്കാരി മൊഴി മാറ്റിയതാണ് വിധിയിൽ നിർണ്ണായകമായത്. ഒന്നാം സാക്ഷി കൂടിയായ അതിജീവിതയെ വിസ്തരിക്കവെയായിരുന്നു മൊഴിമാറ്റം. ഇതിനു പുറമെ, കേസിലെ മറ്റ് രണ്ട് സാക്ഷികളും കൂറുമാറിയിരുന്നു. കോവളം ഉൾപ്പെടെ ആറു കേന്ദ്രങ്ങളിൽ വെച്ച് പീഡിപ്പിച്ചു എന്നായിരുന്നു എൽദോസ് കുന്നപ്പിള്ളിക്കെതിരായ ആരോപണം.



