സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്കിൽ ഉപഭോക്താക്കൾക്ക് നേരിയ ആശ്വാസം

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം. ഇന്നലെ നേരിയ വർധന രേഖപ്പെടുത്തിയ വില ഇന്ന് കുറഞ്ഞു. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 45 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 1,16,520 രൂപയായി.
മെയ് 13-ന് കേന്ദ്രസർക്കാർ സ്വർണത്തിന്റെ ഇറക്കുമതിച്ചുങ്കം വർധിപ്പിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നിരുന്നു. ഒറ്റയടിക്ക് 10,200 രൂപ ഉയർന്നതോടെ ഒരു പവൻ സ്വർണം 1,23,120 രൂപയിലെത്തി മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കായി മാറുകയും ചെയ്തു. അതിനുശേഷം സ്വർണവിലയിൽ തുടർച്ചയായ ചാഞ്ചാട്ടമാണ് അനുഭവപ്പെടുന്നത്.
സ്വർണത്തിന്റെ ഇറക്കുമതിച്ചുങ്കം 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തിയ കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ രംഗത്തെത്തി. ഇറക്കുമതി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ എടുത്ത തീരുമാനം തിരിച്ചടിയാകുമെന്നും സ്വർണക്കള്ളക്കടത്ത് വർധിക്കാൻ ഇത് വഴിയൊരുക്കുമെന്നും അസോസിയേഷൻ മുന്നറിയിപ്പ് നൽകി.
മുൻപ് 15 ശതമാനം ഇറക്കുമതിച്ചുങ്കം ഉണ്ടായിരുന്നപ്പോൾ ഇന്ത്യയിലേക്ക് ഏകദേശം ആയിരം ടൺ സ്വർണം ഇറക്കുമതി ചെയ്തിരുന്നുവെന്നും, ചുങ്കം 6 ശതമാനമായി കുറച്ചതിന് ശേഷം അത് 800 ടണ്ണിൽ താഴെയായി കുറഞ്ഞുവെന്നും അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ നാസർ, പ്രസിഡന്റ് കെ. സുരേന്ദ്രൻ, ട്രഷറർ കൃഷ്ണദാസ് സി.വി എന്നിവർ ചേർന്നാണ് പ്രതികരണം നടത്തിയത്.



