വുഹാനിൽ നിന്ന് ഹൈദരാബാദിലേക്ക്; 3000 കിലോമീറ്റർ അകലെ വിജയകരമായി റോബോട്ടിക് ശസ്ത്രക്രിയ നടത്തി ഡോക്ടർ

ഹൈദരാബാദ്: മെഡിക്കൽ രംഗത്ത് പുതിയ ചരിത്രമെഴുതി ചൈനയിലെ വുഹാനിലിരുന്ന് ഡോക്ടർ 3000 കിലോമീറ്റർ അകലെ ഹൈദരാബാദിലുള്ള രോഗിക്ക് വിജയകരമായി റോബോട്ടിക് ശസ്ത്രക്രിയ പൂർത്തിയാക്കി. അത്യാധുനിക 5G സാങ്കേതികവിദ്യയും റോബോട്ടിക് കൈകളുടെയും സഹായത്തോടെയായിരുന്നു അതിർത്തികൾ കടന്നുള്ള ഈ അപൂർവ ശസ്ത്രക്രിയ.
വുഹാനിലെ പ്രത്യേക കൺസോളിലിരുന്ന് ഡോക്ടർ നൽകിയ നിർദ്ദേശങ്ങൾ നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ ഹൈദരാബാദിലെ റോബോട്ടിക് സംവിധാനത്തിലേക്ക് കൃത്യമായി കൈമാറുകയായിരുന്നു. സമയതാമസം (Latency) വളരെ കുറഞ്ഞ നിലയിൽ നിയന്ത്രിക്കാൻ കഴിഞ്ഞതോടെയാണ് ശസ്ത്രക്രിയ അതിവിശദമായും സുരക്ഷിതമായും പൂർത്തിയാക്കാനായത്.
ദൂരസ്ഥിത ശസ്ത്രക്രിയ (Remote Surgery) മേഖലയിലെ വലിയ മുന്നേറ്റമായാണ് ഈ നേട്ടത്തെ മെഡിക്കൽ വിദഗ്ധർ വിലയിരുത്തുന്നത്. ലോകത്തിന്റെ ഏത് കോണിലായാലും വിദഗ്ധ ഡോക്ടർമാരുടെ സേവനം രോഗികൾക്ക് വേഗത്തിൽ ലഭ്യമാക്കാനുള്ള സാധ്യതകൾക്ക് ഈ വിജയം പുതിയ വാതിലുകൾ തുറക്കുന്നു.
ഭാവിയിൽ അടിയന്തര ശസ്ത്രക്രിയകൾ, ഗ്രാമപ്രദേശങ്ങളിലെ ചികിത്സാ സേവനങ്ങൾ, യുദ്ധമേഖലകൾ, ദുരന്തബാധിത പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്കും ഇത്തരം സാങ്കേതികവിദ്യ വ്യാപിപ്പിക്കാനാകുമെന്നാണ് വിദഗ്ധരുടെ പ്രതീക്ഷ.



