സ്വർണവില വീണ്ടും ഉയർന്നു; പവന് ഇന്ന് 1.16 ലക്ഷത്തിന് മുകളിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 30 രൂപ വർധിച്ചതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,16,880 രൂപയായി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ചാഞ്ചാട്ടങ്ങൾക്ക് പിന്നാലെയാണ് വീണ്ടും വിലക്കയറ്റം രേഖപ്പെടുത്തിയിരിക്കുന്നത്.
കേന്ദ്ര സർക്കാർ സ്വർണ ഇറക്കുമതി ചുങ്കം 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തിയതോടെയാണ് ഈ മാസം സ്വർണവിലയിൽ വൻ ചലനങ്ങൾ ഉണ്ടായത്. മെയ് 13-ന് ഒറ്റയടിക്ക് 10,200 രൂപ വരെ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 1,23,220 രൂപയായി ഉയർന്നിരുന്നു. ഇത് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായി രേഖപ്പെടുത്തി. അതേസമയം, മെയ് 5-നാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 1,09,400 രൂപ രേഖപ്പെടുത്തിയത്.
ഇറക്കുമതി ചുങ്കം വർധിപ്പിച്ചതിനെതിരെ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (KGSMA) രംഗത്തെത്തി. ഇറക്കുമതി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ചുങ്കം കൂട്ടിയതെങ്കിലും, ഇതോടെ സ്വർണക്കള്ളക്കടത്ത് വർധിക്കാൻ സാധ്യതയുണ്ടെന്നാണ് സംഘടനയുടെ മുന്നറിയിപ്പ്.
മുൻപ് 15 ശതമാനം ഇറക്കുമതി ചുങ്കം നിലവിലുണ്ടായിരുന്നപ്പോൾ ഇന്ത്യയിലേക്ക് ഏകദേശം 1000 ടൺ സ്വർണം ഇറക്കുമതി ചെയ്തിരുന്നുവെന്നും, 6 ശതമാനം ചുങ്കം നിലവിലുണ്ടായപ്പോൾ അത് 800 ടണ്ണിൽ താഴെയായിരുന്നുവെന്നും കെജിഎസ്എംഎ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ നാസർ, പ്രസിഡന്റ് കെ. സുരേന്ദ്രൻ, ട്രഷറർ കൃഷ്ണദാസ് സി.വി എന്നിവർ വ്യക്തമാക്കി.
ഈ മാസം മുഴുവൻ സ്വർണവിലയിൽ വൻ ചാഞ്ചാട്ടങ്ങളാണ് ഉണ്ടായത്. ദിവസങ്ങൾക്കിടെ ആയിരങ്ങൾക്കാണ് വില ഉയർന്നും കുറഞ്ഞും മാറിയത്. ആഗോള വിപണിയിലെ മാറ്റങ്ങളും കേന്ദ്ര നയങ്ങളും സംസ്ഥാനത്തെ സ്വർണവിലയെ നേരിട്ട് ബാധിക്കുകയാണെന്നാണ് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്.



