വി.ഡി. സതീശന്റെ ഡൽഹി സന്ദർശനത്തിനിടെ കേരള ഹൗസിൽ ഫ്ലക്സ് തർക്കം

ന്യൂഡൽഹി: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഡൽഹി സന്ദർശനത്തിനിടെ കേരള ഹൗസിൽ ഫ്ലക്സ് ബോർഡിനെ ചൊല്ലി തർക്കം. മുഖ്യമന്ത്രിയെ സ്വാഗതം ചെയ്ത് സ്ഥാപിച്ചിരുന്ന ഫ്ലക്സിന് മുന്നിൽ ഇടത് യൂണിയൻ മറ്റൊരു ബോർഡ് സ്ഥാപിച്ചതോടെയാണ് വിവാദത്തിന് തുടക്കമായത്. പിന്നാലെ പൊലീസ് ഇടപെട്ട് ബോർഡ് നീക്കം ചെയ്തു.

വി.ഡി. സതീശൻ കേരള ഹൗസിലെത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് ഇടത് യൂണിയൻ ബോർഡ് സ്ഥാപിച്ചത്. കേരള ഹൗസിലെ അസിസ്റ്റന്റ് ലെയ്സൺ ഓഫീസർ ജയപ്രസാദിനെ സസ്പെൻഡ് ചെയ്ത റസിഡന്റ് കമ്മീഷണറുടെ നടപടിക്കെതിരെയായിരുന്നു കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ പ്രതിഷേധ ഫ്ലക്സ്. ജയപ്രസാദിനെ തിരിച്ചെടുക്കണമെന്ന ആവശ്യം ഉയർത്തിയായിരുന്നു ബോർഡ് സ്ഥാപിച്ചത്.

മുഖ്യമന്ത്രിയുടെ ചിത്രം മറയ്ക്കുന്ന രീതിയിലാണ് പുതിയ ബോർഡ് സ്ഥാപിച്ചതെന്നാരോപിച്ച് ഭരണപക്ഷ അനുകൂല യൂണിയൻ പ്രവർത്തകർ രംഗത്തെത്തിയതോടെ വാക്കേറ്റവും സംഘർഷാവസ്ഥയും ഉണ്ടായി. പിന്നീട് റസിഡന്റ് കമ്മീഷണറുടെ നിർദേശപ്രകാരം ബോർഡ് നീക്കിയെങ്കിലും ഇടത് സംഘടനാ പ്രവർത്തകർ വീണ്ടും അത് സ്ഥാപിച്ചു.

തുടർന്ന് അഡീഷണൽ റസിഡന്റ് കമ്മീഷണർ നേരിട്ടെത്തി ബോർഡ് മാറ്റാൻ നിർദേശിച്ചു. പിന്നീട് കേരള ഹൗസ് ഗേറ്റിന് പുറത്തേക്ക് മാറ്റിയ ബോർഡ് പൊലീസ് എത്തി പരിസരത്ത് നിന്നുതന്നെ നീക്കം ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button