25 വർഷത്തിനിടയിലെ ഏറ്റവും വലിയ മാറ്റവുമായി ഗൂഗിൾ സെർച്ച്; ഇനി ‘ചാറ്റ് പോലെയുള്ള’ എഐ സഹായി

ഗൂഗിൾ സെർച്ച് കഴിഞ്ഞ 25 വർഷത്തിനിടയിലെ ഏറ്റവും വലിയ മാറ്റത്തിലേക്ക് കടക്കുകയാണെന്ന് പ്രഖ്യാപിച്ച് ഗൂഗിൾ. ഗൂഗിൾ I/O 2026 സമ്മേളനത്തിലാണ് കമ്പനി പുതിയ എഐ അധിഷ്ഠിത സെർച്ച് സംവിധാനങ്ങൾ അവതരിപ്പിച്ചത്. ഇതോടെ പരമ്പരാഗത കീവേഡ് തിരച്ചിലിൽ നിന്ന് എഐ അധിഷ്ഠിത സംഭാഷണ രീതിയിലേക്കാണ് ഗൂഗിൾ സെർച്ച് മാറുന്നത്.

ഇതുവരെ ഉപയോക്താക്കൾ കീവേഡുകൾ ടൈപ്പ് ചെയ്ത് ലഭിക്കുന്ന നീല ലിങ്കുകളിലൂടെ ആവശ്യമായ വെബ്സൈറ്റുകൾ കണ്ടെത്തുകയായിരുന്നു പതിവ്. എന്നാൽ ഇനി സെർച്ച് വെറും വിവരങ്ങൾ കണ്ടെത്തുന്ന ഉപകരണമല്ല, മറിച്ച് ഉപയോക്താവിന് വേണ്ടി പ്രവർത്തനങ്ങൾ നിർവഹിക്കുന്ന ‘ഇന്റലിജന്റ് അസിസ്റ്റന്റ്’ ആകുമെന്ന് ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബറ്റ് വ്യക്തമാക്കി.

പുതിയ അപ്‌ഡേറ്റിൽ ‘എഐ മോഡ്’ കൂടുതൽ വിപുലീകരിച്ചിട്ടുണ്ട്. സ്വാഭാവിക ഭാഷയിൽ ചോദ്യങ്ങൾ ചോദിക്കാനും തുടർച്ചയായ സംഭാഷണ രീതിയിൽ മറുപടികൾ ലഭിക്കാനും ഇനി സാധിക്കും. ഇതിനകം തന്നെ ഒരു ബില്യണിലധികം ഉപയോക്താക്കൾ എഐ മോഡ് ഉപയോഗിക്കുന്നുണ്ടെന്നാണ് ഗൂഗിളിന്റെ അവകാശവാദം. പുതിയ പതിപ്പിൽ ജെമിനി 3.5 ഫ്ലാഷ് മോഡലായിരിക്കും ഡിഫോൾട്ടായി പ്രവർത്തിക്കുക.

ടെക്സ്റ്റിനൊപ്പം ചിത്രങ്ങൾ, വീഡിയോകൾ, ഫയലുകൾ, ക്രോം ടാബുകൾ എന്നിവ ഉപയോഗിച്ചും ഇനി തിരച്ചിൽ നടത്താം. കൂടാതെ ഉപയോക്താവ് തുടർച്ചയായി ചോദിക്കുന്ന ചോദ്യങ്ങളുടെ പശ്ചാത്തലം സെർച്ച് മെമ്മറിയിൽ സൂക്ഷിച്ച് കൂടുതൽ വ്യക്തിഗതമായ മറുപടികളും നൽകും.

‘സെർച്ച് ഏജന്റ്സ്’ എന്ന പുതിയ സംവിധാനവും ഗൂഗിൾ അവതരിപ്പിച്ചു. ഉപയോക്താവിന് വേണ്ടി ഇന്റർനെറ്റിൽ നിരന്തരം നിരീക്ഷണം നടത്തുന്ന എഐ ഏജന്റുകളായിരിക്കും ഇവ. ഉദാഹരണത്തിന്, ഒരു വ്യക്തി വീട് അന്വേഷിക്കുന്നുണ്ടെങ്കിൽ ആവശ്യങ്ങൾ അനുസരിച്ച് പുതിയ ലിസ്റ്റിംഗുകൾ കണ്ടെത്തി അറിയിപ്പുകൾ നൽകും.

അതോടൊപ്പം ‘ഏജന്റ് ബുക്കിംഗ്’ സംവിധാനത്തിലൂടെ ഹോം സർവീസ്, ബ്യൂട്ടി, പെറ്റ് കെയർ തുടങ്ങിയ സേവനങ്ങൾ നേരിട്ട് ബുക്ക് ചെയ്യാനും സാധിക്കും. ചില സാഹചര്യങ്ങളിൽ എഐ തന്നെ ബുക്കിംഗ് നടപടികൾ പൂർത്തിയാക്കുകയും ചെയ്യും.

ഫിറ്റ്‌നസ് ട്രാക്കിംഗ്, യാത്രാ പ്ലാനിംഗ്, വിവാഹ ഒരുക്കങ്ങൾ തുടങ്ങിയ ആവശ്യങ്ങൾക്കായി ചെറിയ ആപ്ലിക്കേഷനുകളും ഡാഷ്ബോർഡുകളും സെർച്ച് തന്നെ സൃഷ്ടിക്കും. ഗ്രാഫുകൾ, ടേബിളുകൾ, സിമുലേഷനുകൾ എന്നിവയും തത്സമയം എഐ വഴി ലഭ്യമാക്കും.

‘പേഴ്‌സണൽ ഇന്റലിജൻസ്’ എന്ന പുതിയ ഫീച്ചർ വഴി ജിമെയിൽ, ഗൂഗിൾ ഫോട്ടോസ് തുടങ്ങിയ സേവനങ്ങളുമായി ബന്ധിപ്പിച്ച് കൂടുതൽ വ്യക്തിഗത അനുഭവവും ഗൂഗിൾ നൽകും.

ഈ മാറ്റങ്ങളിലൂടെ ഗൂഗിൾ സെർച്ച് ഒരു സാധാരണ സെർച്ച് എഞ്ചിനിൽ നിന്ന് പൂർണമായ എഐ സഹായിയായി മാറുകയാണെന്നാണ് ടെക് ലോകത്തിന്റെ വിലയിരുത്തൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button