266 ദിവസത്തെ സമരവിജയം; സെക്രട്ടറിയേറ്റിന് മുന്നിൽ ആഘോഷവുമായി ആശാപ്രവർത്തകർ

തിരുവനന്തപുരം: വി.ഡി സതീശൻ സർക്കാർ ആശാപ്രവർത്തകരുടെ ഓണറേറിയം വർധിപ്പിച്ചതിന് പിന്നാലെ സെക്രട്ടറിയേറ്റിന് മുന്നിൽ ആഘോഷവുമായി ആശാപ്രവർത്തകർ. 266 ദിവസം നീണ്ട രാപ്പകൽ സമരപോരാട്ടം വിജയിച്ചതിന്റെ സന്തോഷത്തിലാണ് ആശമാർ ഒത്തുകൂടിയത്. ആഹ്ലാദത്തിന്റെ ഭാഗമായി പായസം വിതരണം ചെയ്യുകയും ചെയ്തു.
ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാറാണ് ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തത്. പിണറായി സർക്കാരിന്റെ കാലത്ത് ആശാപ്രവർത്തകരുടെ സമരത്തെ പിന്തുണച്ച് നടത്തിയ പ്രസ്താവനയെ തുടർന്നാണ് അദ്ദേഹത്തിന് ചലച്ചിത്ര അക്കാദമി ചെയർമാൻ പദവി നഷ്ടമായതെന്നായിരുന്നു അന്നത്തെ വിമർശനം.
2025 ഫെബ്രുവരി 10നാണ് ആശാപ്രവർത്തകർ സമരം ആരംഭിച്ചത്. പ്രതിമാസ ഓണറേറിയം 21,000 രൂപയാക്കണമെന്നും വിരമിക്കൽ ആനുകൂല്യം അഞ്ച് ലക്ഷം രൂപയാക്കണമെന്നുമായിരുന്നു പ്രധാന ആവശ്യം. മാസങ്ങളോളം നീണ്ടുനിന്ന സമരം സംസ്ഥാന തലസ്ഥാനത്ത് വലിയ ജനശ്രദ്ധ നേടിയിരുന്നു.
സ്ത്രീകളുടെ അപൂർവവും ശക്തവുമായ സമരപോരാട്ടങ്ങളിൽ ഒന്നായാണ് ആശാപ്രവർത്തകരുടെ പ്രതിഷേധം വിലയിരുത്തപ്പെട്ടത്. വി.ഡി സതീശൻ നേതൃത്വം നൽകുന്ന പുതിയ സർക്കാർ അധികാരമേറ്റ് ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ആശാപ്രവർത്തകരുടെ ഓണറേറിയം 3,000 രൂപ വർധിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
സർക്കാരിന്റെ തീരുമാനത്തിന് പിന്നാലെ “സമരം വിജയിച്ചു” എന്ന മുദ്രാവാക്യങ്ങളോടെയായിരുന്നു സെക്രട്ടറിയേറ്റിന് മുന്നിലെ ആഘോഷം. നിരവധി ആശാപ്രവർത്തകരും സാമൂഹിക പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.



