യുഡിഎഫ് ചർച്ചകൾക്ക് വേഗം; മന്ത്രിമാരുടെ പട്ടിക നാളെ എത്തും

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം നാളെ ഉണ്ടാകും. മന്ത്രിമാരുടെ പട്ടിക നാളെ ഉച്ചയ്ക്ക് രണ്ടുമണിയോടെ ഗവർണർക്ക് കൈമാറാനാണ് തീരുമാനം. ഉഭയകക്ഷി ചർച്ചകൾ തുടരുകയാണെന്നും നാളെ രാവിലെയും ചർച്ച തുടരുമെന്നും ദീപാ ദാസ് മുൻഷി അറിയിച്ചു.
തിങ്കളാഴ്ചയാണ് പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. ഇതിനിടെ മുഖ്യമന്ത്രി വി. ഡി. സതീശൻ തന്നെ ധനവകുപ്പ് കൈകാര്യം ചെയ്യുമെന്നാണ് വിവരം. ആഭ്യന്തര വകുപ്പ് രമേശ് ചെന്നിത്തലയ്ക്ക് നൽകാൻ ധാരണയായതോടെയാണ് ധനവകുപ്പ് മുഖ്യമന്ത്രിക്കായി നിലനിർത്താൻ തീരുമാനം ആയതെന്നാണ് സൂചന.
ഇതിനൊപ്പം കോൺഗ്രസ് ഭാഗത്ത് മന്ത്രിസ്ഥാനം ഉറപ്പിച്ച എട്ട് നേതാക്കളുടെ പട്ടികയും പുറത്തുവന്നു. സണ്ണി ജോസഫ്, കെ. മുരളീധരൻ, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എം. ലിജു, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ എന്നിവരാണ് പട്ടികയിൽ.
അതേസമയം മുസ്ലിം ലീഗ്ക്ക് അഞ്ച് മന്ത്രിമാർ നൽകുന്നതിലും ധാരണയായതായി റിപ്പോർട്ടുകൾ. ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടാകും. ഇന്ദിരാഭവനിൽ നടന്ന ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാണ് തീരുമാനമുണ്ടായതെന്ന് സൂചന.
പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണപ്രകാരം നാളെയും ചർച്ച തുടരും. അന്തിമ തീരുമാനം യുഡിഎഫ് നേതൃത്വമാണ് പ്രഖ്യാപിക്കുക. മന്ത്രിസഭാ രൂപീകരണത്തിലെ എല്ലാ നിർണായക തീരുമാനങ്ങളും നാളെയോടെ വ്യക്തമാകുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നത്.



