‘കറുപ്പ്’ കണ്ടവർ ഒരുമിച്ച് പറയുന്നു; ഇന്ദ്രൻസാണ് ചിത്രത്തിന്റെ സർപ്രൈസ്

ചെന്നൈ: കോസ്റ്റ്യൂം ഡിസൈനറായി തുടങ്ങി ഹാസ്യനടനായി തിളങ്ങി പിന്നീട് ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ ഇന്ദ്രൻസ്, ഇപ്പോൾ തമിഴ് സിനിമയിലും കൈയടി നേടുകയാണ്. കറുപ്പ് എന്ന പുതിയ ചിത്രത്തിലെ പ്രകടനമാണ് ഇന്ദ്രൻസിന് പ്രശംസകളുടെ പ്രവാഹം സമ്മാനിക്കുന്നത്.

ആർ.ജെ. ബാലാജി സംവിധാനം ചെയ്ത ചിത്രത്തിൽ നായകനായി എത്തുന്നത് സൂര്യയാണ്. ഇന്നലെ തിയറ്ററുകളിൽ എത്തിയ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെയാണ് ഇന്ദ്രൻസ് അവതരിപ്പിക്കുന്നത്. അനഘ അവതരിപ്പിക്കുന്ന ബിനു എന്ന കഥാപാത്രത്തിന്റെ അച്ഛനായി ഇന്ദ്രൻസ് എത്തുന്നു.

ആദ്യ ദിന പ്രദർശനങ്ങൾക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ഇന്ദ്രൻസിന്റെ പ്രകടനത്തെ പ്രശംസിച്ചുള്ള പോസ്റ്റുകളാണ് നിറയുന്നത്. തമിഴ്നാട്ടിലെ പ്രേക്ഷകർക്ക് പുറമെ മറ്റ് സംസ്ഥാനങ്ങളിലെ സിനിമാപ്രേമികളും ഉത്തരേന്ത്യൻ റിവ്യൂവേഴ്സും ഇന്ദ്രൻസിനെ അഭിനന്ദിച്ച് രംഗത്തെത്തി. സംവിധായകൻ ആർ.ജെ. ബാലാജിയും ആരാധക പ്രതികരണങ്ങൾ പങ്കുവച്ചിട്ടുണ്ട്.

“കറുപ്പിലെ യഥാർത്ഥ ഹീറോ”, “എന്തൊരു നടൻ”, “ദേശീയ പുരസ്കാരം അർഹിക്കുന്നു” എന്നിങ്ങനെ നിരവധി പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. മലയാള സിനിമയിൽ ഇതിനകം തന്നെ ശ്രദ്ധ നേടിയ ഇന്ദ്രൻസ്, ഒടിടി റിലീസുകളിലൂടെ മറുഭാഷാ പ്രേക്ഷകരുടെയും പ്രിയതാരമായി മാറിയ സാഹചര്യത്തിൽ, ഈ പുതിയ പ്രകടനം കൂടുതൽ ശ്രദ്ധ നേടുകയാണ്.

അതേസമയം, സൂര്യയുടെ ഒരു ചിത്രത്തിന് സമീപകാലത്ത് ലഭിക്കാത്ത തരത്തിലുള്ള ആരാധക ആവേശമാണ് കറുപ്പിന് ലഭിക്കുന്നത്. ബോക്സ് ഓഫീസിലും മികച്ച പ്രതികരണമാണ്. പത്ത് വർഷത്തിന് ശേഷമുള്ള സൂര്യയുടെ വലിയ തിരിച്ചുവരവായി ചിത്രം മാറുമെന്നാണ് ട്രാക്കർമാർ വിലയിരുത്തുന്നത്.

ചിത്രത്തിലെ മറ്റൊരു ആകർഷണം, രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം തൃഷയും സൂര്യയും വീണ്ടും ഒന്നിക്കുന്നു എന്നതാണ്. ഇരുവരും പുതിയ ഗെറ്റപ്പിലും മേക്കോവറിലുമാണ് എത്തുന്നത്. സംഗീതം ഒരുക്കുന്നത് സായ് അഭ്യങ്കർ. കൂടാതെ സ്വാസിക, ശിവദ ഉൾപ്പെടെ നിരവധി താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button