എസ്എസ്എൽസി ഫലം: പരാജയപ്പെട്ടവർക്കും ആത്മവിശ്വാസ സന്ദേശവുമായി കെസി വേണുഗോപാൽ

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അഭിനന്ദനവുമായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. പരീക്ഷയെ വിജയത്തിലേക്കുള്ള ഒരു ചവിട്ടുപടി മാത്രമായി കാണണമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
പുതിയ ജീവിതാനുഭവമായി പരീക്ഷാഫലത്തെ സ്വീകരിക്കണമെന്നും, പതറാതെ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകണമെന്നും അദ്ദേഹം വിദ്യാർത്ഥികളെ ആഹ്വാനം ചെയ്തു. ഓരോ അനുഭവവും കൂടുതൽ ശക്തരാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിജയം നേടിയവർ ഭാവിയിലെ വഴികൾ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കണമെന്നും, നാടിനും വീടിനും അഭിമാനമായി മാറണമെന്നും കെസി വേണുഗോപാൽ പറഞ്ഞു. വിജയിക്കാനായില്ലെങ്കിലും നിരാശരാകാതെ മുന്നോട്ട് പോകണമെന്ന് അദ്ദേഹം വിദ്യാർത്ഥികളെ ആശ്വസിപ്പിച്ചു.
എസ്എസ്എൽസി പരീക്ഷ എഴുതിയ എല്ലാ കുട്ടികളെയും ചേർത്തുപിടിക്കുന്നുവെന്നും ഏറെ സ്നേഹത്തോടെ എല്ലാവർക്കും ആശംസകൾ നേരുന്നതായും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.



