20 വർഷത്തെ തടവിന് വിരാമം; അബ്ദുൽ റഹീമിന്റെ മോചനത്തിന് പിന്നാലെ നാട്ടിൽ പ്രതീക്ഷ ഉയരുന്നു

റിയാദ്: സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം ഉടൻ ഉണ്ടാകുമെന്ന സൂചനകൾ പുറത്ത് വന്നതോടെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മലയാളി സമൂഹം. അടുത്ത ആഴ്ചയ്ക്കുള്ളിൽ മോചനം സംഭവിക്കാമെന്നാണ് റിയാദ് റഹീം സഹായ സമിതി അറിയിക്കുന്നത്.

20 വർഷത്തെ കോടതി വിധിച്ച തടവ് ശിക്ഷ ഈ മാസം പൂർത്തിയാകുന്നതോടെയാണ് നിയമനടപടികൾ അന്തിമഘട്ടത്തിലേക്ക് കടക്കുന്നത്. ശിക്ഷാ കാലാവധി അവസാനിക്കുന്നതോടെ സൗദി ആഭ്യന്തര മന്ത്രാലയം എക്സിറ്റ് വിസ നൽകും. ഇതോടെ ഔദ്യോഗിക നടപടികൾ പൂർത്തിയാകും.

തുടർന്ന് യാത്രാ തീയതി നിശ്ചയിച്ച് അബ്ദുൽ റഹീമിനെ ഉടൻ നാട്ടിലേക്ക് മടക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. ജയിലിൽ നിന്നുള്ള നടപടികൾ പൂർത്തിയാക്കി അദ്ദേഹത്തെ ഡിപ്പോർട്ടേഷൻ സെന്ററിലേക്ക് മാറ്റുകയും അവിടെ നിന്ന് വിമാന ടിക്കറ്റ് നൽകി ഇന്ത്യയിലേക്ക് അയക്കുകയും ചെയ്യും.

മോചനത്തിന് മുന്നോടിയായി യാത്രാ രേഖയായ എമർജൻസി സർട്ടിഫിക്കറ്റ് (വൈറ്റ് പാസ്‌പോർട്ട്) ഇന്ത്യൻ എംബസി ഇതിനോടകം തയ്യാറാക്കിയിട്ടുണ്ടെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു. എംബസിയുടെ സജീവ ഇടപെടലുകൾ നടപടികൾ വേഗത്തിലാക്കുന്നതായും സഹായ സമിതി വ്യക്തമാക്കി.

“ലോകമെമ്പാടുമുള്ള മലയാളികൾ ചേർന്ന് നടത്തിയ ഈ ശ്രമം ലക്ഷ്യം കാണാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി,” എന്ന് സഹായ സമിതി ഭാരവാഹികൾ പറഞ്ഞു.

കോഴിക്കോട്ടെ അബ്ദുൽ റഹീമിന്റെ വീട്ടിലും നാട്ടിലും അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി വലിയ പ്രതീക്ഷയോടെയാണ് കാത്തിരിപ്പ് തുടരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button