പിണറായിയുടെ കറുത്തഇന്നോവയ്ക്ക് പകരം വി ഡി സതീശന് വെള്ള ക്രിസ്റ്റ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉപയോഗിച്ചിരുന്ന കറുത്ത ഇന്നോവ കാറുകൾ മാറ്റി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. പൊലീസ് ഫണ്ടിൽ നിന്ന് വാങ്ങി നൽകിയ രണ്ട് കറുത്ത ഇന്നോവ കാറുകളും പൊലീസ് തിരിച്ചെടുത്തതായാണ് വിവരം.
സത്യപ്രതിജ്ഞയ്ക്ക് ശേഷം മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിമാർക്ക് വെള്ള ഇന്നോവ ക്രിസ്റ്റ കാറുകൾ അനുവദിക്കണമെന്ന് പൊതുഭരണ വകുപ്പ് ടൂറിസം വകുപ്പിനോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. അതേസമയം, ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി ആവശ്യപ്പെട്ടാൽ കറുത്ത വാഹനങ്ങൾ വീണ്ടും നൽകാമെന്ന നിലപാടും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നു.
ഇതിനിടെ, സുരക്ഷാ ക്രമീകരണങ്ങളിൽ ശൈലി മാറ്റവുമായി വി ഡി സതീശൻ രംഗത്തെത്തിയതായി റിപ്പോർട്ടുണ്ട്. യാത്രയ്ക്കിടെ കൂടുതൽ സുരക്ഷയും വാഹനനിരയും ആവശ്യമില്ലെന്നും, പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്നും അദ്ദേഹം ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് നിർദേശിച്ചതായാണ് വിവരം. പൊലീസ്, എസ്‌കോർട്ട് സംവിധാനങ്ങൾ അനാവശ്യമായി വർധിപ്പിക്കരുതെന്ന നിലപാടും അദ്ദേഹം അറിയിച്ചതായി പറയുന്നു.
എന്നാൽ നിലവിലെ സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച് എസ്‌കോർട്ട് ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ നിർബന്ധമാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായും റിപ്പോർട്ടിൽ പറയുന്നു.
മുൻ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് നൽകിയിരുന്നത്. ഏഴ് വാഹനങ്ങളടങ്ങിയ കൺവോയും 30 മുതൽ 40 വരെ പൊലീസ് ഉദ്യോഗസ്ഥരും കമാൻഡോ സ്‌ട്രൈക്കർ ഫോഴ്സും സുരക്ഷയുടെ ഭാഗമായിരുന്നു.



