കടമുറിക്കുള്ളിൽ തീപിടിത്തം; യുവാവ് മരിച്ച നിലയിൽ, മകൾക്ക് ഗുരുതര പൊള്ളൽ

കോഴിക്കോട്: നരിക്കുനിയിൽ കടമുറിക്കുള്ളിൽ യുവാവിനെ തീകൊളുത്തിയ നിലയിൽ മരിച്ച കണ്ടെത്തി. നരിക്കുനി–കൊടുവള്ളി റോഡിലെ കടയ്ക്കുള്ളിലാണ് പറമ്പിൽ ബസാർ സ്വദേശി വി.ടി. വിനേഷ് കുമാർ (45) മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അദ്ദേഹത്തിന്റെ എട്ടുവയസുകാരിയായ മകൾക്ക് ഗുരുതര പൊള്ളലേറ്റു. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്ന് രാവിലെ കടമുറിയിൽ നിന്ന് പുക ഉയരുകയും ശബ്ദം കേൾക്കുകയും ചെയ്തതോടെ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തി ഷട്ടർ തുറന്ന് പരിശോധന നടത്തിയപ്പോഴാണ് കുട്ടിയെ അവശ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വിനേഷ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.
കൊടുവള്ളി പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ മുറിക്കുള്ളിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി അറിയിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സംഭവത്തിന് കാരണമെന്നാണ് കുറിപ്പിലെ വിശദീകരണമെന്നാണ് വിവരം. സംഭവത്തിൽ മറ്റ് ദുരൂഹതകളില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



