കെഎസ്ആർടിസി സൗജന്യ യാത്രാ വാഗ്ദാനം നടപ്പാക്കാത്തത്: യുഡിഎഫിനെതിരെ മഹിളാ മോർച്ചയുടെ പ്രതിഷേധം ശക്തം

കോഴിക്കോട്: യുഡിഎഫ് സർക്കാർ കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായി പ്രഖ്യാപിച്ച സൗജന്യ യാത്രാ വാഗ്ദാനം നടപ്പാക്കുന്നതിൽ വൈകുന്നതിനെതിരെ മഹിളാ മോർച്ച പ്രവർത്തകർ വിവിധ ജില്ലകളിൽ പ്രതിഷേധവുമായി രംഗത്തെത്തി. കൊല്ലം, കോഴിക്കോട്, കാസർകോട് ജില്ലകളിലായാണ് പ്രതിഷേധം നടന്നത്.
മേയ് 15 മുതൽ പദ്ധതി നടപ്പാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്ന് ആരോപിച്ചാണ് പ്രവർത്തകർ ബസുകളിൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്ത് പ്രതിഷേധം രേഖപ്പെടുത്തിയത്. കൽപ്പറ്റ–മാനന്തവാടി ഫാസ്റ്റ് പാസഞ്ചർ ബസിൽ നടന്ന പ്രതിഷേധത്തിനിടെ ടിക്കറ്റ് എടുക്കില്ലെന്ന നിലപാട് പ്രവർത്തകർ ആവർത്തിച്ചതോടെ പൊലീസ് സ്ഥലത്തെത്തി ഇടപെട്ട് ഇവരെ ബസിൽ നിന്ന് ഇറക്കുകയായിരുന്നു.
വാഗ്ദാനങ്ങൾ ജനങ്ങൾക്ക് നൽകിയാൽ അത് നടപ്പാക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ടെന്നും, അതിൽ വീഴ്ച വരുത്തരുതെന്നും മഹിളാ മോർച്ച പ്രവർത്തകർ വിമർശിച്ചു. യുഡിഎഫ് സർക്കാർ അധികാരമേറ്റ ഉടൻ തന്നെ വാഗ്ദാനങ്ങൾ പാലിക്കുമോയെന്ന് കാത്തിരിക്കുകയാണെന്നും അവർ പറഞ്ഞു.
മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ തന്നെ സമയം എടുത്താൽ മറ്റ് മന്ത്രിമാരെ തിരഞ്ഞെടുക്കാൻ മാസങ്ങൾ വേണ്ടിവരുമെന്നും അതിനാൽ പ്രഖ്യാപിച്ച പദ്ധതികൾ മറന്നുപോകുമോയെന്ന ആശങ്കയും പ്രവർത്തകർ ഉയർത്തി. ഇതിനിടെ, സർക്കാർ നടപടികൾക്കെതിരെ പ്രതിഷേധം കൂടുതൽ ജില്ലകളിലേക്ക് വ്യാപിക്കാനാണ് സാധ്യത.



