ഡോക്ടർമാർ സഞ്ചരിച്ച കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; തിരുവനന്തപുരത്ത് പതിനെട്ടുകാരൻ മരിച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് എം സി റോഡിൽ കീഴായിക്കോണത്ത് ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കടയ്ക്കൽ കുറ്റിക്കാട് സ്വദേശിയായ 18 വയസ്സുകാരൻ സുബിൻ ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ 2.30ഓടെയായിരുന്നു അപകടം. വെഞ്ഞാറമൂട് ഭാഗത്ത് നിന്ന് വന്ന ബൈക്കും എതിർദിശയിൽ വന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്കിന് പിന്നിൽ ഇരുന്നിരുന്ന സുബിന് ഗുരുതരമായി പരിക്കേറ്റു.
ഉടൻ തന്നെ സമീപത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബൈക്ക് ഓടിച്ചിരുന്ന സുബിന്റെ സുഹൃത്ത് സിദ്ധാർത്ഥ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലാണ്. വാമനപുരത്ത് നിന്ന് ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെയാണ് അപകടം നടന്നതെന്ന് വിവരം.
സ്വകാര്യ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ സഞ്ചരിച്ച കാറാണ് ബൈക്കിൽ ഇടിച്ചതെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുന്നു.



