‘കസേര കളിയല്ല, മുഖ്യമന്ത്രിയെ കൊണ്ടുവാ’: ബിഗ് ബോസ് താരം നോറ

തിരുവനന്തപുരം: കേരളത്തിൽ പുതിയ മുഖ്യമന്ത്രിയാരാകുമെന്ന ചർച്ചകൾ രാഷ്ട്രീയ രംഗത്ത് സജീവമായി തുടരുന്നു. വി.ഡി സതീശൻ, കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളുടെ പേരുകളാണ് മുഖ്യമന്ത്രിപദത്തിനായി ഉയർന്ന് കേൾക്കുന്നത്. ഇന്ന് പ്രഖ്യാപനം ഉണ്ടാകുമെന്ന് കരുതിയിരുന്നെങ്കിലും തീരുമാനം നീളുന്നത് രാഷ്ട്രീയ അനിശ്ചിതത്വം തുടരാൻ കാരണമായി.
ഇതിനിടെ, മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായി പിണറായി വിജയൻ വീണ്ടും കേരളത്തിൽ അധികാരത്തിലെത്തണമെന്ന അഭിപ്രായവുമായി ബിഗ് ബോസ് താരം നോറ രംഗത്തെത്തി. മാധ്യമങ്ങളോട് പ്രതികരിക്കവേ, “ഞാൻ പിണറായിയുടെ ആളാണ്” എന്ന നിലപാടാണ് അവർ വ്യക്തമാക്കിയത്.
പിണറായി വിജയന്റെ ഭരണകാലത്തെ നിരവധി വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയ നോറ, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കേരളം മുന്നോട്ട് പോയതായും അഭിപ്രായപ്പെട്ടു. കോവിഡ് കാലഘട്ടത്തിനുശേഷം ഉണ്ടായ ഭരണനേട്ടങ്ങൾ ഉൾപ്പെടെ അവർ പരാമർശിച്ചു.
കോൺഗ്രസിനെ അനുകൂലിച്ചുള്ള മുൻ പ്രതികരണങ്ങൾക്ക് മറുപടിയായും നോറ പ്രതികരിച്ചു. “ആദ്യം ഒരു മുഖ്യമന്ത്രിയെ കൊണ്ടുവരൂ, ശേഷം വിമർശിക്കാം” എന്നായിരുന്നു അവരുടെ വാദം. ജനവിധിയെ പിണറായി വിജയൻ അംഗീകരിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ ചർച്ചകൾ ശക്തമാകുന്നതിനിടെ, വിവിധ അഭിപ്രായങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയും പൊതു രംഗത്തും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്.



