തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണായക നീക്കം; കോൺഗ്രസ് ഇടപെടൽ ശക്തം, വിസികെയെ ടിവികെ പാളയത്തിലെത്തിക്കാൻ ഖർഗെയുടെ ശ്രമം

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നതിനിടെ രാഷ്ട്രീയ ചർച്ചകൾ കൂടുതൽ സജീവമാകുന്നു. ടിവികെ അധ്യക്ഷൻ വിജയ് നയിക്കുന്ന സർക്കാരിനായുള്ള നീക്കങ്ങളിൽ കോൺഗ്രസും ഇടപെടുന്നതായി സൂചന.

ടിവികെയ്ക്ക് പിന്തുണ ഉറപ്പാക്കുന്നതിനായി കോൺഗ്രസ് ദേശീയ നേതൃത്വം വി സി കെയുടെ നേതാവ് തിരുമാവളവനുമായി ബന്ധപ്പെടുകയും പിന്തുണ തേടുകയും ചെയ്തതായി വിവരം. മല്ലികാർജുൻ ഖർഗെ നടത്തിയ ഫോൺ സംഭാഷണത്തിൽ വിജയിയെ പിന്തുണയ്ക്കുന്ന വിഷയത്തിൽ പാർട്ടി നിലപാട് പരിഗണിക്കുമെന്ന് തിരുമാവളവൻ മറുപടി നൽകിയതായാണ് റിപ്പോർട്ട്.

എന്നാൽ ടിവികെയ്ക്ക് പിന്തുണ നൽകുന്ന വിഷയത്തിൽ വി സി കെയിൽ തന്നെ ഭിന്നതയുണ്ടെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഇതിനിടെ സിപിഎം, സിപിഐ നേതൃയോഗങ്ങൾ ചെന്നൈയിൽ തുടരുകയാണ്. ടിവികെയുടെ സർക്കാർ രൂപീകരണ നീക്കവുമായി ബന്ധപ്പെട്ട കത്ത് ഈ യോഗങ്ങളിൽ ചർച്ചയായിട്ടുണ്ട്.

ടിവികെ ജനറൽ സെക്രട്ടറി അരുൺരാജ് വൈകിയാലും വിജയ് നേതൃത്വം നൽകുന്ന സർക്കാർ രൂപീകരിക്കുമെന്ന് പ്രതികരിച്ചു. എന്നാൽ പ്രതിപക്ഷ നേതാവ് എടപ്പാടി കെ. പളനിസ്വാമിയാണോ അല്ലെങ്കിൽ വിജയാണോ അടുത്ത മുഖ്യമന്ത്രി എന്ന ചോദ്യത്തിന് ഇപ്പോഴും വ്യക്തതയില്ല.

ഗവർണർ വിജയിന് ഭൂരിപക്ഷം തെളിയിക്കാൻ കഴിയില്ലെന്ന സൂചന നൽകിയതും രാഷ്ട്രീയ പ്രതിസന്ധി കൂടുതൽ കടുപ്പിച്ചു. 118 എംഎൽഎമാരുടെ പിന്തുണ ഇല്ലാതെ സ്ഥിരതയുള്ള സർക്കാർ സാധ്യമാകില്ലെന്ന നിലപാടിലാണ് ഭരണഘടനാ വൃത്തങ്ങൾ.

ഇതിനിടെ ഡിഎംകെ പിന്തുണയോടെ എഐഎഡിഎംകെ സർക്കാർ രൂപീകരിക്കാമെന്ന ചർച്ചകളും സജീവമാണ്. സിപിഎം, സിപിഐ, മുസ്ലിം ലീഗ്, വി സി കെ എന്നീ പാർട്ടികളുടെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് ടിവികെ നേതൃത്വം. ഇന്ന് നടക്കുന്ന നിർണായക നേതൃയോഗങ്ങളിൽ അന്തിമ നിലപാട് വ്യക്തമാകുമെന്നാണ് പ്രതീക്ഷ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *