വിജയ് സർക്കാർ രൂപീകരണത്തിലേക്ക്; ഉപാധികളില്ലാതെ പിന്തുണ പ്രഖ്യാപിച്ച് സിപിഐയും സിപിഎമ്മും

ചെന്നൈ: തമിഴ്നാട്ടിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ ടിവികെയ്ക്ക് പിന്തുണ ശക്തമാകുന്നതായി റിപ്പോർട്ടുകൾ. സിപിഐയും സിപിഎമ്മും ഉപാധികളില്ലാതെ വിജയ് നയിക്കുന്ന ടിവികെ സർക്കാരിനെ പിന്തുണച്ചതായി സൂചനയുണ്ട്. മതേതര, സുസ്ഥിര, ജനാധിപത്യ ഭരണത്തിന് പിന്തുണയെന്ന് സിപിഐ തയ്യാറാക്കിയ കത്തിൽ വ്യക്തമാക്കുന്നതായും വിവരം.
ഇതോടെ ടിവികെ 116 എംഎൽഎമാരുടെ പിന്തുണയിലേക്ക് എത്തിയതായി പാർട്ടി വൃത്തങ്ങൾ അവകാശപ്പെടുന്നു. വിസികെയുടെ രണ്ട് എംഎൽഎമാരുടെ പിന്തുണ കൂടി ലഭിച്ചാൽ കേവല ഭൂരിപക്ഷം ഉറപ്പാക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് നേതൃത്വം. വിസികെ നേതാവ് തിരുമാവളവന് മന്ത്രിസ്ഥാന വാഗ്ദാനവും മുന്നോട്ടുവച്ചിട്ടുണ്ടെന്നാണ് സൂചന.
ഇടത് പാർട്ടികളുടെ പിന്തുണയ്ക്ക് പകരമായി തൊഴിൽ വകുപ്പ് ഉൾപ്പെടെ ചില വകുപ്പുകൾ ടിവികെ വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുകളുണ്ട്. ഇതോടെ തമിഴ്നാട്ടിൽ വിജയ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അടുത്തെത്തിയെന്ന വിലയിരുത്തലാണ് ഉയരുന്നത്.
അതേസമയം, സർക്കാർ രൂപീകരണത്തിൽ വ്യക്തത വരുത്താൻ വിജയ് ഇന്ന് വീണ്ടും ഗവർണറെ കാണാൻ ലോക്ഭവനിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. നേരത്തെ ടിവികെയ്ക്ക് കേവല ഭൂരിപക്ഷമില്ലെന്ന ഗവർണറുടെ നിലപാടും, 118 എംഎൽഎമാരുടെ പിന്തുണ ഇല്ലാതെ സ്ഥിരതയുള്ള സർക്കാർ സാധ്യമല്ലെന്ന വിലയിരുത്തലും രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
ഡിഎംകെ പിന്തുണയോടെ എഐഎഡിഎംകെ സർക്കാർ രൂപീകരിക്കാമെന്ന ചർച്ചകളും നേരത്തെ സജീവമായിരുന്നു. എന്നാൽ സിപിഎം, സിപിഐ, കോൺഗ്രസ് എന്നിവയുടെ പിന്തുണ ഉറപ്പാക്കാൻ ടിവികെയ്ക്ക് കഴിഞ്ഞതായി പാർട്ടി നേതൃത്വം പറയുന്നു. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന.



