മറ്റൊരു എംജിആർ’ ആവുമോ വിജയ്? തടയാൻ ഡിഎംകെ-എഐഎഡിഎംകെ അടുക്കുന്നു

ചെന്നൈ: തമിഴ്നാട്ടിൽ ദ്രാവിഡ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന രാഷ്ട്രീയ നീക്കങ്ങളാണ് അരങ്ങേറുന്നതെന്ന റിപ്പോർട്ടുകൾ പുറത്ത്. പാർട്ടി രൂപീകരിച്ച് രണ്ട് വർഷത്തിനുള്ളിൽ തന്നെ ശക്തമായ ജനപിന്തുണ നേടി അധികാരത്തിലേക്ക് അടുക്കുന്ന വിജയ്‌യെയും തമിഴക വെട്രി കഴകത്തെയും (ടിവികെ) തടയാൻ ഡിഎംകെയും എഐഎഡിഎംകെയും തമ്മിൽ സഖ്യ ചർച്ചകൾ പുരോഗമിക്കുന്നതായാണ് സൂചന.
വിജയ് ഭാവിയിൽ ദ്രാവിഡ പാർട്ടികൾക്ക് വലിയ വെല്ലുവിളിയാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് രാഷ്ട്രീയ വൈരികളായ ഇരുകക്ഷികളും ഒരുമിക്കാനുള്ള സാധ്യതകൾ പരിശോധിക്കുന്നത്. വിജയ് അധികാരത്തിലെത്തിയാൽ പിന്നീട് ദ്രാവിഡ പാർട്ടികൾക്ക് തിരിച്ചുവരവ് ദുഷ്കരമാകുമെന്ന ആശങ്കയാണ് ഇരു മുന്നണികളിലും ശക്തമാകുന്നത്.
എഐഎഡിഎംകെ സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായ എം ജി രാമചന്ദ്രൻ ഉയർന്നുവന്ന സാഹചര്യവുമായി വിജയ്‌യുടെ രാഷ്ട്രീയ വളർച്ചയെ ചില രാഷ്ട്രീയ നിരീക്ഷകർ താരതമ്യം ചെയ്യുന്നു. സാധാരണ ജനങ്ങളുമായി അടുത്ത ബന്ധം പുലർത്തുകയും സാമൂഹിക പ്രവർത്തനങ്ങളിലൂടെ ജനപിന്തുണ നേടുകയും ചെയ്ത എംജിആറിനെപ്പോലെ തന്നെ രാഷ്ട്രീയ പ്രവേശനത്തിന് മുമ്പ് വിജയ് നടത്തിയ സാമൂഹിക പ്രവർത്തനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഈ സാഹചര്യത്തിൽ, വിജയ് അധികാരത്തിലെത്തുന്നത് ഏത് വിധേനയും തടയണമെന്ന നിലപാടാണ് ഡിഎംകെയിലെ ഒരു വിഭാഗം മുന്നോട്ടുവയ്ക്കുന്നത്. വിജയ്‌യെ ചെറുക്കാൻ എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കുന്ന ഫോർമുലയും ചർച്ചയിലുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ ഇത്തരമൊരു നീക്കം ഉണ്ടായാൽ 108 എംഎൽഎമാരെ രാജിവെപ്പിക്കാനാണ് വിജയ് തയ്യാറെടുക്കുന്നതെന്ന വിവരവും പുറത്തുവരുന്നുണ്ട്.
അതേസമയം, തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കാൻ വിജയ് രണ്ട് പ്രധാന വഴികളാണ് ഇപ്പോൾ പരിശോധിക്കുന്നത്. രണ്ട് സീറ്റുകൾ വീതമുള്ള വിസികെ, സിപിഎം, സിപിഐ പാർട്ടികളുടെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമമാണ് ഒന്നാമത്തെത്. ഇതിനായി ടിവികെ നേതാക്കൾ ബന്ധപ്പെട്ട പാർട്ടികളുടെ സംസ്ഥാന നേതാക്കളെ നേരിൽ കണ്ടു പിന്തുണ അഭ്യർത്ഥിച്ചതായാണ് വിവരം. വിസികെ അധ്യക്ഷൻ തിരുമാവളവൻ സിപിഐ, സിപിഎം നേതാക്കളുമായി പ്രത്യേക ചർച്ചകളും നടത്തിയിട്ടുണ്ട്. ഉപാധികളോടെ പിന്തുണ നൽകുന്ന കാര്യത്തിൽ ധാരണയായെന്ന സൂചനകളും പുറത്തുവരുന്നു.
രണ്ടാമത്തെ നീക്കം എഐഎഡിഎംകെയിലെ വിമത വിഭാഗത്തെ ഒപ്പമാക്കുകയെന്നതാണ്. സിവി ഷൺമുഖം, ഒ എസ് മണിയൻ തുടങ്ങിയ നേതാക്കളെയും അവരെ അനുകൂലിക്കുന്ന എംഎൽഎമാരെയും ടിവികെയ്ക്ക് ഒപ്പമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായാണ് റിപ്പോർട്ട്. ഇവരെ പിന്തുണയ്ക്കുന്ന 28 എംഎൽഎമാർ നിലവിൽ പുതുച്ചേരിയിലെ റിസോർട്ടിലാണെന്നാണ് വിവരം. സിവി ഷൺമുഖത്തിന് ഉപമുഖ്യമന്ത്രിസ്ഥാനം ഉൾപ്പെടെ മറ്റ് നേതാക്കൾക്ക് മന്ത്രിസ്ഥാനങ്ങൾ നൽകണമെന്നാണ് വിമത വിഭാഗത്തിന്റെ ആവശ്യം.



