പി കെ കുഞ്ഞാലിക്കുട്ടി ജീവിക്കുന്ന രാഷ്ട്രീയ ചരിത്രം: മഹീൻ അബൂബക്കർ

തിരുവനന്തപുരം : റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിച്ച P. K. Kunhalikuttyയുടെ ജനപ്രീതിയെ കുറിച്ച് എസ്.ടി.യു സംസ്ഥാന കമ്മിറ്റി നേതാവ് ജി. മാഹീൻ അബുബക്കർ നടത്തിയ പ്രതികരണം ശ്രദ്ധേയമാകുന്നു. “റെക്കോർഡ് ഭൂരിപക്ഷം ജനഹൃദയങ്ങളുടെ വിധിയാണെങ്കിൽ, പി.കെ. കുഞ്ഞാലിക്കുട്ടി അതിന്റെ ജീവിക്കുന്ന രാഷ്ട്രീയ ചരിത്രമാണ്” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായി തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തിയ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആവേശോജ്ജ്വല സ്വീകരണമാണ് ഒരുക്കിയത്. എസ്.ടി.യു സംസ്ഥാന കമ്മിറ്റിയുടെ ഭാഗമായും അദ്ദേഹത്തിന് സ്വീകരണം നൽകി.
കേരള രാഷ്ട്രീയത്തിലെ അതികായൻമാരിൽ ഒരാളായ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ യാത്ര ജനവിശ്വാസത്തിന്റെയും ജനപക്ഷ നിലപാടുകളുടെയും ചരിത്രമാണെന്ന് ജി. മാഹീൻ അബുബക്കർ പറഞ്ഞു. യു.ഡി.എഫിന്റെ ശക്തനായ തന്ത്രജ്ഞനും ജനഹൃദയങ്ങളിൽ ഇടം നേടിയ നേതാവുമായ അദ്ദേഹം അധികാരത്തേക്കാൾ പൊതുസേവനത്തെ മുൻനിർത്തിയ രാഷ്ട്രീയ സംസ്കാരത്തിന്റെ പ്രതീകമാണെന്നും അദ്ദേഹം വിലയിരുത്തി.
സ്വയം ആഗ്രഹിക്കാതിരുന്നാലും മുഖ്യമന്ത്രി പദം വരെ അലങ്കരിക്കാൻ സർവ്വാത്മനാ അർഹതയുള്ള നേതാവാണ് പി.കെ. കുഞ്ഞാലിക്കുട്ടിയെന്നും രാഷ്ട്രീയ കേരളത്തിനാകെ പൊതുവായുള്ള വിലയിരുത്തലാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള ജനത അദ്ദേഹത്തെ എത്രമാത്രം സ്നേഹിക്കുന്നുവെന്നതിന്റെ ഉജ്ജ്വല തെളിവാണ് ലഭിച്ച ഈ റെക്കോർഡ് ഭൂരിപക്ഷമെന്നും ഇത് ഒരു തെരഞ്ഞെടുപ്പ് വിജയം മാത്രമല്ല, വിശ്വാസത്തിന്റെയും ആത്മബന്ധത്തിന്റെയും ജനഹൃദയങ്ങളുടെ മുദ്രയാണെന്നും എസ്.ടി.യു സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.
ജനാധിപത്യ മൂല്യങ്ങൾക്കും മതേതര രാഷ്ട്രീയത്തിനും ശക്തി പകരുന്ന ഈ മഹാവിജയത്തിന് എസ്.ടി.യുവിന്റെ ഹൃദയം നിറഞ്ഞ അനുമോദനങ്ങളും അറിയിച്ചു.



