നിരീക്ഷകർ തലസ്ഥാനത്തെത്തി, ആദ്യ കൂടിക്കാഴ്ച എകെ ആന്‍റണിയുമായി; നാളെ നിയമസഭ കക്ഷിയോഗം, ഒറ്റയ്ക്കൊറ്റക്ക് എംഎൽഎമാരുടെ അഭിപ്രായം തേടും

കേരള മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായുള്ള ചർച്ചകൾക്കായി ഹൈക്കമാൻഡ് നിയോഗിച്ച എ ഐ സി സി നിരീക്ഷകർ തലസ്ഥാനത്തെത്തി. എ ഐ സി സി ജനറൽ സെക്രട്ടറിമാരായഅജയ്മാക്കനുംമുകുൾവാസ്നിക്കുമാണ്തിരുവനന്തപുരത്തെത്തിയത്.കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയാണ് അയച്ചതെന്നും നിയമസഭാ കക്ഷിയിൽ എല്ലാവരുടെയും അഭിപ്രായം കേൾക്കുമെന്നും അജയ് മാക്കൻ പ്രതികരിച്ചു.ആരെയൊക്കെയാണോ ക്ഷണിച്ചിട്ടുളളത് അവരുമായെല്ലാം കൂടിക്കാഴ്ച നടത്തുമെന്നും മുകുൾ വാസ്‌നിക്ക് വ്യക്തമാക്കി.
പിന്നാലെ ഇന്ദിരാഭവനിൽ എത്തിയ നിരീക്ഷകർ, മുൻ മുഖ്യമന്ത്രി എ കെ ആന്‍റണിയുമായാണ് ആദ്യം കൂടിക്കാഴ്ച നടത്തിയത്. ഇവർക്കൊപ്പം കേരളത്തിന്‍റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയും ഉണ്ടായിരുന്നു. നിരീക്ഷകർ നാളെ മുതൽ നേതാക്കളെ നേരിട്ട് കണ്ട് അഭിപ്രായം തേടും. നാളെ രാവിലെ പത്തരക്ക് കെ പി സി സി ആസ്ഥാനത്താകും കക്ഷി നേതാവിനെ തീരുമാനിക്കാനുള്ള നിർണായക കോൺഗ്രസ് നിയമസഭാ കക്ഷിയോഗം. ഈ യോഗത്തിന് പുറമെ എം എൽ എമാരെ നിരീക്ഷകർ ഒറ്റക്കൊറ്റക്കായും കണ്ട് അഭിപ്രായം രേഖപ്പെടുത്തും. എം പിമാരുടെയും മുതിർന്ന നേതാക്കളുടെയും നിലപാട് കൂടി തേടിയാകും ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകുക. ഘടകകക്ഷി നേതാക്കളുടെ നിലപാട് കൂടി തേടുമെന്നും സൂചനയുണ്ട്.



