നമ്മൾ തൂക്കി’ സന്ദേശം; ലീഗ് ഹൗസിന് മുന്നിലെ സ്റ്റേറ്റ് കാർ ചർച്ചയായി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കവെ ശക്തമായ രാഷ്ട്രീയ സന്ദേശവുമായി മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാം രംഗത്ത്. ലീഗ് ഹൗസിന് മുന്നിൽ പാർക്ക് ചെയ്തിരിക്കുന്ന സംസ്ഥാനത്തെ രണ്ടാം നമ്പർ സ്റ്റേറ്റ് കാറിന്റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ച് ‘നമ്മൾ തൂക്കി’ എന്ന ക്യാപ്ഷനാണ് അദ്ദേഹം നൽകിയിരിക്കുന്നത്. യുഡിഎഫ് അധികാരത്തിലെത്തിയാൽ ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ പോസ്റ്റ് ശ്രദ്ധ നേടുന്നത്.
‘ഇടതിന്റെ പൊന്നാപുരം കോട്ടകൾ ഒന്നൊന്നായി തകർന്നടിയുന്നു. കം ബാക്ക് യുഡിഎഫ്’ എന്ന മറ്റൊരു പോസ്റ്റും സലാം പങ്കുവെച്ചിട്ടുണ്ട്. ഇതോടെ സോഷ്യൽ മീഡിയയിൽ രാഷ്ട്രീയ ചർച്ചകൾ ശക്തമാവുകയാണ്.
അതേസമയം, വോട്ടെണ്ണൽ ഉച്ചയോടെ എത്തുമ്പോൾ യുഡിഎഫ് 101 സീറ്റുകളിൽ ലീഡ് നേടി മുന്നേറുകയാണ്. എൽഡിഎഫ് 37 സീറ്റുകളിൽ മാത്രമാണ് മുന്നിലുള്ളത്. രണ്ടിടങ്ങളിൽ ബിജെപിയും വിജയസാധ്യത നിലനിർത്തുന്നു.
സംസ്ഥാനമൊട്ടാകെ യുഡിഎഫ് പ്രവർത്തകർ ആഘോഷം ആരംഭിച്ചിട്ടുണ്ട്. വിജയതരംഗത്തിൽ പ്രവർത്തകരും നേതാക്കളും രംഗത്തുണ്ട്. തിരഞ്ഞെടുപ്പിൽ വൻ പിന്തുണ നൽകിയ ജനങ്ങൾക്ക് നന്ദി അറിയിക്കുന്നതായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വ്യക്തമാക്കി. സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരമാണ് ഫലത്തിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



