“വനവാസമില്ല”; തോൽവിക്ക് പിന്നാലെ പോരാട്ടം തുടരുമെന്ന് എം.ബി. രാജേഷ്

പാലക്കാട്: ജില്ലയിലെ ശ്രദ്ധേയ മണ്ഡലമായ തൃത്താലയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പരാജയം സമ്മതിച്ചു. വോട്ടെണ്ണലിന്റെ ആറാം റൗണ്ട് പിന്നിട്ടപ്പോഴേക്കും യുഡിഎഫ് സ്ഥാനാർത്ഥി വി.ടി. ബൽറാമിന്റെ വിജയം ഉറപ്പായ സാഹചര്യത്തിലാണ് രാജേഷ് തോൽവി അംഗീകരിച്ചത്.

വിജയിച്ച വി.ടി. ബൽറാമിന് അഭിനന്ദനം അറിയിച്ച രാജേഷ്, “മന്ത്രിമാർ തോൽക്കുന്നത് ഇതാദ്യമല്ല. ഞങ്ങൾ കമ്മ്യൂണിസ്റ്റുകാരാണ്; തോൽവിയിൽ തളർന്ന് മാറിനിൽക്കില്ല, സമരമുഖങ്ങളിൽ സജീവമായി തുടരും,” എന്നു പ്രതികരിച്ചു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എം.ബി. രാജേഷ് നേടിയ മണ്ഡലം ഇത്തവണ വി.ടി. ബൽറാം തിരിച്ചുപിടിക്കുന്ന കാഴ്ചയാണ് തൃത്താലയിൽ കാണുന്നത്. സംസ്ഥാനത്തുടനീളം യുഡിഎഫ് തരംഗം ശക്തമായി പ്രകടമാകുന്ന സാഹചര്യത്തിലാണ് ഈ ഫലം.

നിലവിലെ സൂചനകൾ പ്രകാരം യുഡിഎഫ് 96 സീറ്റുകളിലും എൽഡിഎഫ് 41 സീറ്റുകളിലും മുന്നിലാണ്. എൻഡിഎ മൂന്ന് സീറ്റുകളിൽ ലീഡ് നിലനിർത്തുന്നു. തുടക്കത്തിൽ പിന്നിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പിന്നീട് ലീഡ് തിരിച്ചുപിടിച്ചെങ്കിലും, 13 മന്ത്രിമാർ ഇപ്പോഴും പിന്നിലാണ്.

അതേസമയം, കേരള കോൺഗ്രസ് (എം) മത്സരിച്ച 12 സീറ്റുകളിലും പിന്നിലായതും എൽഡിഎഫിന് വലിയ തിരിച്ചടിയായി. ഉച്ചയോടെ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഫലത്തിന്റെ സമ്പൂർണ ചിത്രം വ്യക്തമായേക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *