യുഡിഎഫ് തരംഗം ശക്തം; ധർമ്മടത്ത് പിണറായി പിന്നിൽ, ശൈലജയ്ക്ക് ലീഡ്

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കെ ഭരണപക്ഷത്തിന് കനത്ത തിരിച്ചടി നൽകി യുഡിഎഫ് വൻ മുന്നേറ്റം തുടരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ശക്തികേന്ദ്രമായ ധർമ്മടത്ത് മൂന്നാം റൗണ്ടിലും പിന്നിലായതോടെ രാഷ്ട്രീയ കേരളത്തിൽ അമ്പരപ്പാണ് ഉയർന്നിരിക്കുന്നത്. യുഡിഎഫ് സ്ഥാനാർത്ഥി വി.പി. അബ്ദുൽ റഷീദ് 2077 വോട്ടുകളുടെ ലീഡുമായി മുന്നിലാണ്.

മുഖ്യമന്ത്രിക്കൊപ്പം 14 മന്ത്രിമാരും എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണനും പിന്നിലായതോടെ ഇടതുക്യാമ്പുകളിൽ ആശങ്ക ശക്തമായി. അതേസമയം, പേരാവൂരിൽ കെ.കെ. ശൈലജ 453 വോട്ടുകളുടെ ലീഡോടെ മുന്നിൽ നിൽക്കുന്നത് എൽഡിഎഫിന് ചെറിയ ആശ്വാസമായി. കോങ്ങാട് മണ്ഡലത്തിൽ സിറ്റിംഗ് എംഎൽഎ ശാന്തകുമാരിയെ പിന്നിലാക്കി യുഡിഎഫിന്റെ തുളസി 1277 വോട്ടുകൾക്ക് മുന്നിലെത്തിയതും ശ്രദ്ധേയമാണ്.

മറ്റ് പ്രധാന മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥികൾ വ്യക്തമായ ആധിപത്യം പുലർത്തുന്നു. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ 7500 വോട്ടുകളുടെ ഭീമമായ ലീഡിലേക്ക് കുതിക്കുമ്പോൾ, പറവൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ലീഡ് തിരിച്ചുപിടിച്ചു. വട്ടിയൂർക്കാവിൽ കെ. മുരളീധരനും ചവറയിൽ ഷിബു ബേബി ജോണും മുന്നേറ്റം തുടരുന്നു.

പി. രാജീവ്, വി.എൻ. വാസവൻ, റോഷി അഗസ്റ്റിൻ, വീണ ജോർജ് എന്നിവരുള്‍പ്പെടെ എൽഡിഎഫ് മന്ത്രിസഭയിലെ പ്രമുഖർ പലരും പിന്നിലായതോടെ വോട്ടെണ്ണലിന്റെ ആദ്യഘട്ടം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ മാറ്റത്തിന്റെ സൂചന നൽകുന്നു. നിലവിൽ 97 സീറ്റുകളിൽ യുഡിഎഫ് മുന്നിലുള്ളതോടെ കേരളം ഭരണമാറ്റത്തിലേക്ക് നീങ്ങുന്നതായാണ് പ്രാഥമിക വിലയിരുത്തൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *