കേരളം ഉറ്റുനോക്കി ഫലദിനം; വോട്ടെണ്ണൽ പുരോഗമിക്കുന്നു, എല്‍ഡിഎഫും യുഡിഎഫും കടുത്ത പോരാട്ടത്തിൽ

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തെ ആവേശത്തിലാഴ്ത്തി നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു. 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. പോസ്റ്റൽ ബാലറ്റുകളുടെ എണ്ണൽ പൂർത്തിയായപ്പോൾ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമാണുള്ളത്. നാല് സീറ്റുകളിൽ എൽഡിഎഫ് ലീഡ് നേടിയിട്ടുണ്ട്. ഇവിഎം മെഷീനുകളിലെ വോട്ടെണ്ണലും ഇതിനകം ആരംഭിച്ചു.

രാവിലെ 9 മണിയോടെ ആദ്യ ഫലസൂചനകൾ ലഭ്യമാകുമെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഉച്ചയോടെ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പൂർണ ചിത്രം തെളിയും. ഫലം തത്സമയം അറിയുന്നതിനായി വിവിധ പാർട്ടി ആസ്ഥാനങ്ങളിൽ എൽഇഡി വാളുകൾ ഉൾപ്പെടെ സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് ഫലപ്രഖ്യാപനം പൂർത്തിയാകുമെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചത്.

മണ്ഡലങ്ങളിലെ ലീഡ് നിലയും ശ്രദ്ധേയമാണ്. പറവൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുന്നിലാണ്. പാലക്കാട് ശോഭ സുരേന്ദ്രനും, മഞ്ചേശ്വരത്ത് എൻഡിഎയും ലീഡ് നിലനിർത്തുന്നു. നേമത്ത് വി. ശിവൻകുട്ടി മുന്നിൽ തുടരുമ്പോൾ, തൃശൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി രാജൻ പല്ലൻ ലീഡിലാണ്. തിരുവനന്തപുരം മണ്ഡലത്തിൽ സി.പി. ജോണും, അങ്കമാലിയിൽ റോജി എം. ജോണും മുന്നിലാണ്. തൃത്താലയിൽ വി.ടി. ബൽറാം ലീഡ് ചെയ്യുമ്പോൾ, തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസും മുൻതൂക്കം നിലനിർത്തുന്നു.

അതേസമയം, കളമശ്ശേരി മണ്ഡലത്തിലെ മൂന്നാം നമ്പർ മുറിയിലെ സ്ട്രോങ്ങ് റൂം തുറക്കാത്തത് ആശങ്ക ഉയർത്തി. പൂട്ട് തകർത്തേക്കുമെന്നാണ് വിവരം.

പത്ത് വർഷത്തിന് ശേഷം മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്താമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളിക്കളയുന്ന എൽഡിഎഫ്, നേരിയ ഭൂരിപക്ഷത്തിൽ മൂന്നാം പിണറായി സർക്കാർ അധികാരത്തിലെത്തുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുന്നു. കേരളത്തിൽ നിർണായക ശക്തിയാകുക എന്ന ലക്ഷ്യം ഇത്തവണ സാധ്യമാകുമെന്നാണ് ബിജെപിയും വിലയിരുത്തുന്നത്.

മുഖ്യമന്ത്രി കണ്ണൂരിലെ വസതിയിൽ നിന്നാണ് ഫലവിവരങ്ങൾ നിരീക്ഷിക്കുന്നത്. വി.ഡി. സതീശൻ കന്റോൺമെന്റ് ഹൗസിലും, കെപിസിസി അധ്യക്ഷൻ പാർട്ടി ആസ്ഥാനത്തും തുടരും. എൽഡിഎഫ് നേതാക്കൾ എകെജി സെന്ററിലും ബിജെപി നേതാക്കൾ മാരാർജി ഭവനിലും നിന്നാണ് ഫലപ്രവർത്തനങ്ങൾ വിലയിരുത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *