കോഴിക്കോട് നഗരത്തിലെ പ്രസിൽ വൻ തീപിടിത്തം; സംഭവം ഉച്ചയോടെ

കോഴിക്കോട്: നഗരത്തിലെ വെള്ളയിൽ റോഡിലുള്ള റെഡ് സ്റ്റാർ പ്രസിൽ ഇന്ന് ഉച്ചയോടെ വൻ തീപിടിത്തം. പേപ്പർ റോളുകൾ സൂക്ഷിച്ചിരുന്ന ഭാഗത്താണ് ആദ്യം തീ പടർന്നത്. ഞായറാഴ്ചയായതിനാൽ പ്രസിന് അവധിയായിരുന്നതിനാൽ അപകടസമയത്ത് ജീവനക്കാർ ആരും ഉണ്ടായിരുന്നില്ല.
കെട്ടിടത്തിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസിയാണ് നാട്ടുകാരെ വിവരം അറിയിച്ചത്. തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി സമയോചിതമായി ഇടപെട്ട് തീ നിയന്ത്രണ വിധേയമാക്കി. ഇതോടെ വലിയൊരു ദുരന്തം ഒഴിവായി.
പ്രസിന് പുറത്ത് സൂക്ഷിച്ചിരുന്ന പേപ്പർ റോളുകൾ ഭൂരിഭാഗവും കത്തിയമർന്നു. തീയുടെ തീവ്രതയിൽ കെട്ടിടത്തിന്റെ മുകളിൽ സ്ഥാപിച്ചിരുന്ന എസി ഔട്ടർ യൂണിറ്റുകളും ഉരുകി നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ സംഭവത്തിൽ കൂടുതൽ പരിശോധനകൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
കോഴിക്കോട് നഗരത്തിലെ പ്രധാന പ്രസുകളിൽ ഒന്നായ റെഡ് സ്റ്റാർ പ്രസിൽ മുൻപ് ‘ജനയുഗം’ പത്രം അച്ചടിച്ചിരുന്നുവെന്നും, ഇപ്പോഴും പത്രത്തിനാവശ്യമായ പേപ്പർ റോളുകൾ ഇവിടെ സൂക്ഷിക്കുന്നതായും അറിയുന്നു. കൂടാതെ ചില ഇംഗ്ലീഷ് പത്രങ്ങളും ഇവിടെ നിന്നാണ് അച്ചടിക്കുന്നത്.



