അവസാന മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർക്ക് വിജയാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർക്ക് വിജയാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് ഓൺലൈനായി ചേർന്ന കാബിനറ്റ് യോഗം ഏകദേശം പത്ത് മിനിറ്റ് മാത്രം നീണ്ടുനിന്നു.
യോഗം അവസാനിക്കുന്ന ഘട്ടത്തിലാണ് മുഖ്യമന്ത്രി സഹപ്രവർത്തകർക്കായി വിജയാശംസകൾ നേർന്നത്. തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരാനിരിക്കെ എക്സിറ്റ് പോളുകൾ യുഡിഎഫിന് അനുകൂല സൂചനകൾ നൽകുന്ന സാഹചര്യത്തിലും, തുടർഭരണം ഉറപ്പാണെന്ന ആത്മവിശ്വാസത്തിലാണ് മുഖ്യമന്ത്രിയെന്ന വിലയിരുത്തലും ഉയരുന്നു.
പന്ത്രണ്ടാം ശമ്പള കമ്മീഷന്റെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി 14 അധിക തസ്തികകൾ സൃഷ്ടിച്ചുള്ള ഉത്തരവ് മന്ത്രിസഭാ യോഗം സാധൂകരിച്ചു. സർക്കാർ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട മറ്റ് പതിവ് വിഷയങ്ങളും യോഗത്തിൽ പരിഗണിച്ചു.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് പിന്നാലെ മേയ് 5ന് അടുത്ത മന്ത്രിസഭാ യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. നിലവിലെ സർക്കാർ തുടരണമോ പുതിയ സർക്കാർ അധികാരമേൽക്കണമോയെന്നത് ഉൾപ്പെടെയുള്ള അന്തിമ നടപടികൾ ഈ യോഗത്തിലായിരിക്കും തീരുമാനിക്കുക



