ഇന്ധനവിലയിൽ കുത്തനെ വർധന സാധ്യത; പെട്രോൾ-ഡീസൽ വില ഉയരാമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ വർധിച്ചതിന് പിന്നാലെ രാജ്യത്ത് പെട്രോൾ, ഡീസൽ വിലയും ഉയരാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നതാണ് പ്രധാന കാരണം.
റിപ്പോർട്ടുകൾ പ്രകാരം ലിറ്ററിന് പെട്രോൾ, ഡീസൽ വിലയിൽ 4 മുതൽ 5 രൂപ വരെ വർധന ഉണ്ടാകാൻ സാധ്യതയുണ്ട്. കൂടാതെ ഗാർഹിക ഗ്യാസ് സിലിണ്ടറിന്റെ വിലയും 40 മുതൽ 50 രൂപ വരെ ഉയരാമെന്നും സൂചനയുണ്ട്.
ഏകദേശം നാല് വർഷത്തിന് ശേഷമായിരിക്കും രാജ്യത്ത് ഇന്ധനവിലയിൽ ഇത്തരം വലിയ മാറ്റം സംഭവിക്കുന്നത്. 2022 മുതൽ വലിയ തോതിലുള്ള വിലമാറ്റങ്ങൾ ഉണ്ടായിരുന്നില്ല.
അന്തിമ തീരുമാനം ഒരാഴ്ചയ്ക്കുള്ളിൽ ഉണ്ടാകുമെന്നാണ് വിവരം. വില വർധന നടപ്പായാൽ പൊതുജനത്തിനും ഗതാഗത മേഖലയ്ക്കും വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.



