ശബരിമല സ്വർണക്കൊള്ളക്കേസ്; അന്തിമ കുറ്റപത്രം തിരഞ്ഞെടുപ്പിന് ശേഷം

കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിലെ അന്തിമ കുറ്റപത്രം സമർപ്പിക്കൽ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ശാസ്ത്രീയ പരിശോധനാ ഫലം അടക്കമുള്ള നിർണായക തെളിവുകൾ ഇതുവരെ ലഭിച്ചില്ലെന്നാണ് എസ്ഐടിയുടെ വിശദീകരണം. അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സാവകാശം വേണ്ടിവരും. ഇക്കാര്യം ഇന്ന് ഹെെക്കോടതിയെ അറിയിക്കുമെന്നും എസ്ഐടി വ്യക്തമാക്കി. തെളിവെടുപ്പ് നടപടികൾ തുടരുകയാണെന്നും പരിശോധനാ ഫലം ലഭിക്കുന്നതിനനുസരിച്ച് അന്വേഷണത്തിന് അന്തിമ രൂപം നൽകുമെന്നും എസ്ഐടി അറിയിച്ചു.

അതേസമയം,​ ശബരിമല സ്വർണക്കൊള്ളക്കേസിൽ റിമാൻഡിൽ കഴിഞ്ഞ ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവർദ്ധൻ എന്നിവർക്ക് കഴിഞ്ഞദിവസം സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് വിജിലൻസ് കോടതി ജഡ്ജി ഡോ. സി.എസ്. മോഹിത് ജാമ്യം അനുവദിച്ചത്. ഇതോടെ കേസിൽ പ്രതികളായ പത്തുപേർക്കും ജാമ്യം ലഭിച്ചു.

ഒരാഴ്ച മുമ്പ് പങ്കജിന്റെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായുള്ള അപേക്ഷയും കോടതി അനുവദിച്ചിരുന്നില്ല. ശബരിമല സ്വർണക്കവർച്ച കേസിൽ കഴിഞ്ഞ ഡിസംബർ 19നാണ് പങ്കജ് ഭണ്ഡാരിയെയും ഗോവർദ്ധനനെയും അറസ്റ്റ് ചെയ്തത്. ഉണ്ണിക്കൃഷ്ണൻ പോറ്റി ശബരിമലയിൽ നിന്ന് സ്വർണം പൂശിയ ചെമ്പ് പാളികൾ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ച് വേർതിരിച്ച് ഇടനിലക്കാരൻ വഴി ഗോവർദ്ധന് സ്വർണം കൈമാറിയെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. ഇതിന്റ ഭാഗമായി സ്മാർട്ട് ക്രിയേഷൻസ് കമ്പനിയുടെ അക്കൗണ്ടും മരവിപ്പിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *