കൂട്ടക്കുഴിമാടങ്ങൾ സാക്ഷി; ട്രംപിന്റെ ‘രക്ഷാദൗത്യം’ കൊലപാതകമെന്ന് ഇറാൻ

ടെഹ്റാൻ: യുഎസ്-ഇറാൻ സംഘർഷം നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഇറാനിൽ നടന്ന വ്യോമാക്രമണത്തിൽ നൂറിലധികം കുട്ടികളാണ് കൊല്ലപ്പെട്ടത്. യുഎസ്-ഇസ്രയേൽ സഖ്യം നടത്തിയ ആക്രമണത്തിന്റെ ആദ്യ ദിനത്തിൽ മാത്രം 160ഓളം കുട്ടികൾക്ക് ജീവൻ നഷ്ടമായി. കൊല്ലപ്പെട്ട വിദ്യാർത്ഥികളുടെ വിലാപയാത്രയിൽ ആയിരക്കണക്കിന് ആളുകൾ പങ്കുചേർന്നു.

ഇക്കഴിഞ്ഞ ശനിയാഴ്ച തെക്കൻ ഇറാനിലെ മീനാബിലുള്ള ഷജാരെ തയ്യിബ എന്ന പ്രൈമറി സ്‌കൂളിന് നേരെയാണ് ആക്രമണം നടന്നത്. പകൽ സമയത്ത് കുട്ടികൾ സ്‌കൂളിലുണ്ടായിരുന്ന നേരത്തായിരുന്നു ബോംബാക്രമണം. തകർന്ന സ്‌കൂളിന്റെയും കൂട്ടക്കുഴിമാടങ്ങൾ ഒരുക്കുന്നതിന്റെയും ചിത്രം ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെയും ഇസ്രയേലിനെതിരെയും കടുത്ത ഭാഷയിലാണ് വിദേശകാര്യ മന്ത്രി പ്രതികരിച്ചത്.’

ക്രൂരമായ കൊലപാതകമാണ് നടന്നിരിക്കുന്നത്. 160ലധികം നിരപരാധികളായ പെൺകുട്ടികൾ കൊല്ലപ്പെട്ടു. ഗാസ മുതൽ മീനാബ് വരെ നിരപരാധികൾ വധിക്കപ്പെടുന്നു. ഇറാന്റെ ജനതയ്‌ക്കെതിരായ കുറ്റകൃത്യങ്ങൾക്ക് മറുപടി നൽകാതിരിക്കില്ല.’- അരാഗ്ചി പറഞ്ഞു.അതേസമയം, ഒരു സ്‌കൂളിനെയും ലക്ഷ്യമിട്ട് അമേരിക്ക മനഃപൂർവ്വം ആക്രമണം നടത്തില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് പ്രതിരോധ വകുപ്പ് അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അന്താരാഷ്ട്ര നിയമമനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളോ ആശുപത്രികളോ ആക്രമിക്കുന്നത് യുദ്ധക്കുറ്റത്തിന്റെ പരിധിയിൽപ്പെടുന്നവയണ്. നിലവിൽ അമേരിക്കയോടും ഇസ്രയേലിനോടുമുള്ള പ്രതികാരച്ചൂടിലാണ് ഇറാൻ. യുഎസും ഇസ്രയേലും സംയുക്തമായി നടത്തുന്ന ആക്രമണത്തിൽ നലിവിൽ 787 പേരാണ് ഇറാനിൽ കൊല്ലപ്പെട്ടത്.ആയത്തുള്ള അലി ഖമനേയിയുടെ കുടുംബാംഗങ്ങളടക്കം ഇറാന്റെ സൈനിക, രാഷ്ട്രീയ നേതൃത്വത്തിലെ ഉന്നതരും ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇറാന്റെ ഭരണ സംവിധാനങ്ങളെ ലക്ഷ്യമിട്ട് അവയെ തകർക്കാനാണ് അമേരിക്കയും ഇസ്രയേലും ചേർന്ന് വ്യോമാക്രമണം നടത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *