സിപിഐയുടെ ഉറച്ച തീരുമാനം, 6 സിറ്റിംഗ് എംഎല്‍എമാര്‍ക്ക് സീറ്റില്ല, 4 മന്ത്രിമാര്‍ക്കും അങ്കത്തിനിറങ്ങാം, 3 ടേം വ്യവസ്ഥ കര്‍ശനമായി നടപ്പാക്കും

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയത്തില്‍ മൂന്ന് ടേം വ്യവസ്ഥ കർശനമായി നടപ്പിലാക്കാൻ സി പി ഐ സംസ്ഥാന നേതൃയോഗം തീരുമാനിച്ചു.
മൂന്ന് തവണ തുടർച്ചയായി മത്സരിച്ചവർക്ക് ഇളവ് നല്‍കേണ്ടതില്ലെന്ന ഉറച്ച നിലപാട് സ്വീകരിച്ചതോടെ ആറ് സിറ്റിംഗ് എം എല്‍ എമാർക്ക് ഇത്തവണ മത്സരരംഗത്ത് നിന്ന് മാറിനില്ക്കേണ്ടവരും. മുൻ മന്ത്രി ഇ ചന്ദ്രശേഖരൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ജി എസ് ജയലാല്‍, പി എസ് സുപാല്‍, വി ശശി, ഇ കെ വിജയൻ എന്നിവർക്ക് ഇക്കുറി സീറ്റ് ലഭിക്കില്ല. ടേം വ്യവസ്ഥ കർശനമാക്കിയെങ്കിലും നിലവിലെ നാല് മന്ത്രിമാർക്കും വീണ്ടും ജനവിധി തേടാനാകും. റവന്യു മന്ത്രി കെ രാജൻ, ഭക്ഷ്യ മന്ത്രി ജി ആർ അനില്‍, കൃഷി മന്ത്രി പി പ്രസാദ്, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി എന്നവർക്കാണ് മത്സരിക്കാനാകുക. ഇവരില്‍ ആരും മൂന്ന് ടേം ആയിട്ടില്ല എന്നതാണ് കാരണം.
സ്ഥാനാർഥി പട്ടിക വൈകില്ല
നെടുമങ്ങാടാണ് അനിലിന്റെ മണ്ഡലം. ചടയമംഗലത്താകും ചിഞ്ചുറാണി പോരിനിറങ്ങുക. ചേര്‍ത്തലയില്‍ പ്രസാദും ഒല്ലൂരില്‍ രാജനും വീണ്ടും ജനവിധി തേടുമെന്നാണ് വ്യക്തമാകുന്നത്. പാർട്ടിയില്‍ പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സി പി ഐ ടേം വ്യവസ്ഥ കർശനമാക്കിയിട്ടുള്ളത്. വരും ദിവസങ്ങളില്‍ മണ്ഡലം അടിസ്ഥാനത്തിലുള്ള സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കാനാണ് സി പി ഐ നേതൃത്വത്തിന്റെ നീക്കം. സ്ഥാനാർഥി പട്ടിക വൈകാതെ പ്രഖ്യാപിക്കുമെന്നാണ് സി പി ഐ വൃത്തങ്ങള്‍ പറയുന്നത്.
എല്‍ഡിഎഫില്‍ കുറ്റ്യാടി തർക്കം
നിയമസഭാ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തെച്ചൊല്ലി സി പി എമ്മും കേരള കോണ്‍ഗ്രസ് എമ്മും തമ്മിലുള്ള ചർച്ചകള്‍ എല്‍ ഡി എഫില്‍ കല്ലുകടിയാകുന്നു. ഇക്കുറി 12 സീറ്റ് പോരെന്നും 13 സീറ്റുകള്‍ വേണമെന്ന നിലപാടില്‍ ജോസ് കെ മാണി ഉറച്ചുനില്‍ക്കുന്നതാണ് എല്‍ ഡി എഫിലെ സീറ്റ് ചർച്ചകളെ പ്രതിസന്ധിയിലാക്കുന്നത്. കുറ്റ്യാടി സീറ്റിലാണ് ജോസ് കെ മാണി പ്രധാനമായും കണ്ണുവയ്ക്കുന്നത്. എന്നാല്‍ കുറ്റ്യാടി തങ്ങളുടെ സിറ്റിംഗ് സീറ്റാണെന്നും അത് വിട്ടുനല്‍കാനാവില്ലെന്നുമുള്ള നിലപാടിലാണ് സി പി എം. ഇക്കാര്യം ഇന്ന് നടന്ന ഉഭയകക്ഷി ചർച്ചയില്‍ ജോസ് കെ മാണിയെ സി പി എം അറിയിക്കുകയും ചെയ്തു.
എന്നാല്‍ പതിമൂന്നാമത്തെ സീറ്റിന്റെ കാര്യത്തില്‍ പിന്നോട്ടില്ലെന്ന നിലപാടിലാണ് കേരള കോണ്‍ഗ്രസ്. കുറ്റ്യാടി ലഭ്യമല്ലെങ്കില്‍ പകരം മറ്റൊരു സീറ്റ് വേണമെന്ന ആവശ്യമാണ് ജോസ് കെ മാണി മുന്നോട്ട് വെക്കുന്നത്. ഇതോടെ ഇന്ന് നടന്ന ഉഭയകക്ഷി ചർച്ച ധാരണയാകാതെ പിരിഞ്ഞു. ഇരുപാർട്ടികളും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നതോടെ മുന്നണിക്കുള്ളില്‍ സീറ്റ് വിഭജനം കൂടുതല്‍ സങ്കീർണ്ണമായിരിക്കുകയാണ്. കഴിഞ്ഞ തവണ മത്സരിച്ചതില്‍ കൂടുതല്‍ സീറ്റ് ഒരു പാർട്ടിക്കും നല്‍കാനാകില്ലെന്നതാണ് സി പി എം നിലപാട്.



