സുപ്രീം കോടതിയിൽ ചരിത്രം രചിച്ച് 19-കാരൻ; പത്തു മിനിറ്റ് നീണ്ട വാദത്തിലൂടെ നേടിയത് എംബിബിഎസ് സീറ്റ്,

മധ്യപ്രദേശിലെ ജബൽപൂരിൽ നിന്നുള്ള 19 വയസ്സുകാരൻ അഥർവ ചതുർവേദിയാണ് മുതിർന്ന അഭിഭാഷകർക്ക് പോലും മാതൃകയാക്കാവുന്ന നേട്ടം കൈവരിച്ചത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള (EWS) സംവരണം സ്വകാര്യ മെഡിക്കൽ കോളേജുകളിൽ നടപ്പിലാക്കുന്നതിലെ അപാകത മൂലം രണ്ട് തവണ നീറ്റ് പരീക്ഷ വിജയിച്ചിട്ടും അഥർവയ്ക്ക് സീറ്റ് നിഷേധിക്കപ്പെട്ടിരുന്നു. ഈ അനീതിക്കെതിരെ അഭിഭാഷകന്റെ സഹായമില്ലാതെ അഥർവ നേരിട്ട് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുന്നിലായിരുന്നു ഈ അപൂർവ്വ നിയമപോരാട്ടം നടന്നത്.

കോടതി നടപടികൾ പൂർത്തിയാക്കി ജഡ്ജിമാർ എഴുന്നേൽക്കാൻ തുടങ്ങവെയാണ് അഥർവ ധൈര്യം സംഭരിച്ച് “മൈ ലോർഡ്‌സ്, എനിക്ക് വെറും 10 മിനിറ്റ് മാത്രം അനുവദിക്കണം” എന്ന് അഭ്യർത്ഥിച്ചത്. 2024–25 നീറ്റ് പരീക്ഷയിൽ 720-ൽ 530 മാർക്ക് നേടിയെങ്കിലും മധ്യപ്രദേശ് സർക്കാരിന്റെ വീഴ്ച മൂലം തനിക്ക് അർഹമായ സീറ്റ് നഷ്ടപ്പെട്ട കാര്യം അഥർവ കോടതിയിൽ അക്കമിട്ട് നിരത്തി. 103-ാം ഭരണഘടനാ ഭേദഗതിയും 15(6), 16(6) അനുച്ഛേദങ്ങളും ചൂണ്ടിക്കാട്ടി ലളിതവും എന്നാൽ വ്യക്തവുമായ നിയമവശങ്ങളാണ് ഈ പത്തൊൻപതുകാരൻ കോടതിയിൽ അവതരിപ്പിച്ചത്.
സ്വകാര്യ മെഡിക്കൽ കോളേജുകളിൽ ഇഡബ്ല്യുഎസ് സംവരണം നടപ്പിലാക്കാൻ ഹൈക്കോടതി മുൻപ് ഉത്തരവിട്ടിട്ടും അത് പാലിക്കാത്ത അധികൃതരുടെ നിലപാടിനെ സുപ്രീം കോടതി കഠിനമായി വിമർശിച്ചു. സംസ്ഥാന സർക്കാരുകളുടെ വീഴ്ച മൂലം മിടുക്കരായ വിദ്യാർത്ഥികളുടെ ഭാവിയാണ് ഇല്ലാതാകുന്നതെന്ന് കോടതി നിരീക്ഷിച്ചു. “സ്വകാര്യ കോളേജുകൾ സംവരണ നയം പാലിക്കുന്നില്ലെങ്കിൽ അവ പൂട്ടണം” എന്നുവരെ ചീഫ് ജസ്റ്റിസ് വാക്കാൽ പരാമർശിച്ചു. ഭരണഘടനയുടെ 142-ാം അനുച്ഛേദം നൽകുന്ന പ്രത്യേക അധികാരം ഉപയോഗിച്ചാണ് കോടതി അഥർവയ്ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചത്.

നീറ്റ് 2025–26 പരീക്ഷയിൽ 164-ാം ഇഡബ്ല്യുഎസ് റാങ്ക് നേടിയിട്ടും വീണ്ടും പ്രവേശനം നിഷേധിക്കപ്പെട്ട സാഹചര്യത്തിലാണ് അഥർവ ഓൺലൈനായി ഹർജി സമർപ്പിച്ചത്. സർക്കാരുകൾ ചട്ടങ്ങൾ രൂപീകരിക്കുന്നതിലെ കാലതാമസം അർഹരായ ഉദ്യോഗാർത്ഥികളെ ബാധിക്കാൻ പാടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അഥർവയുടെ നിശ്ചയദാർഢ്യത്തെയും നിയമപരമായ അറിവിനെയും അഭിനന്ദിച്ച കോടതി, പ്രവേശനം നൽകുന്നതിലെ വൈകൽ പരിഹരിക്കാനാവാത്ത നഷ്ടം ഉണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടി.

നാഷണൽ മെഡിക്കൽ കമ്മീഷനോടും (NMC) മധ്യപ്രദേശ് സർക്കാരിനോടും അഥർവയ്ക്ക് സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശനം നൽകാൻ കോടതി നിർദ്ദേശിച്ചു. ഒരു അഭിഭാഷകന്റെ സഹായവുമില്ലാതെ, സ്വന്തമായി നിയമങ്ങൾ പഠിച്ചാണ് അഥർവ ഈ സുപ്രധാന വിജയം നേടിയത്. പിതാവ് മനോജ് ചതുർവേദി അഭിഭാഷകനാണെങ്കിലും, കോടതിയിൽ വാദിക്കാനുള്ള തീരുമാനം അഥർവയുടേതായിരുന്നു. തന്റെ ലക്ഷ്യം ഒരു ഡോക്ടറാവുക എന്നതാണെന്നും അഥർവ വ്യക്തമാക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *