പ്രിയങ്ക ഗാന്ധി മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാനം സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് പ്രിയങ്ക ഗാന്ധി എംപി മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാനം സന്ദര്‍ശിക്കും. ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് വയനാട് എംപിയായ പ്രിയങ്ക ലീഗ് ദേശീയ ആസ്ഥാനത്തേക്കെത്തുക. നേരത്തെ ലീഗ് ദേശീയ ആസ്ഥാനം ഉദ്ഘാടനത്തിന് പ്രിയങ്കയെ ക്ഷണിച്ചിരുന്നുവെങ്കിലും എത്തിയിരുന്നില്ല. ഇതില്‍ ലീഗ് നേതൃത്വം അതൃപ്തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രിയങ്കയുടെ സന്ദര്‍ശനം.

സോണിയാഗാന്ധി, പ്രിയങ്ക ഗാന്ധി, അഖിലേഷ് യാദവ് അങ്ങനെ ഇന്ത്യ സഖ്യത്തിലെ പ്രധാന നേതാക്കളുടെ സാന്നിധ്യം മുസ്ലിം ലീഗ് നേതൃത്വം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഈ നേതാക്കളാരും ഉദ്ഘാടന ചടങ്ങിന് എത്തിയില്ല. സോണിയാ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ദില്ലിയില്‍ തന്നെ ഉണ്ടായിരുന്നെങ്കിലും ചടങ്ങില്‍ പങ്കെടുത്തില്ല. വയനാട് മണ്ഡലത്തില്‍ ലീഗിന്റെ ശക്തമായ പിന്തുണയിലാണ് പ്രിയങ്ക ഗാന്ധി വിജയിച്ചത്. ഉദ്ഘാടന ചടങ്ങിലേക്ക് പ്രിയങ്ക എത്തുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആശംസ അര്‍പ്പിച്ചുള്ള പ്രിയങ്കയുടെ സന്ദേശം മാത്രമാണ് എത്തിയത്. കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് കെ സി വേണുഗോപാലും എം കെ രാഘവന്‍ എം പിയുമാണ് ചടങ്ങില്‍ പങ്കെടുത്തത്.

ദില്ലി ദരിയാഗഞ്ചിലാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ പുതിയ ദേശീയ ആസ്ഥാന മന്ദിരം. പാര്‍ടി സ്ഥാപകനായ ഖായിദേമില്ലത്ത് മുഹമ്മദ് ഇസ്മയില്‍ സായിബിന്റെ പേരില്‍ അത്യാധുനിക സംവിധാനങ്ങളോട് 28 കോടി രൂപ ചിലവിട്ടാണ് ആസ്ഥാന മന്ദിരം നിര്‍മ്മിച്ചത്. ദില്ലിയില്‍ ദേശീയ ആസ്ഥാനം യാഥാര്‍ത്ഥ്യമായതോടെ ഉത്തരേന്ത്യയില്‍ പാര്‍ടിയെ കൂടുതല്‍ ശക്തിപ്പെടുത്താനാകുമെന്നതാണ് ലീഗിന്റെ പ്രതീക്ഷ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *