ഇസ്രായേലും ഇറാനും തമ്മിൽ താൽക്കാലിക വെടിനിർത്തൽ നിലവിൽ വന്നു

തെൽ അവീവ്: ഇസ്രായേലും ഇറാനും തമ്മിൽ താൽക്കാലിക വെടിനിർത്തൽ നിലവിൽ വന്നതോടെ പശ്ചിമേഷ്യയിൽ സംഘർഷത്തിന് അയവുവരുന്നു. 12 ദിവസം നീണ്ടുനിന്ന യുദ്ധത്തിനാണ് ഇതോടെ വിരാമമായത്.

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായി സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ദയവായി അത് ആരും ലംഘിക്കരുതെന്ന് ട്രംപ് ആവശ്യപ്പെട്ടു. പിന്നാലെ ഇസ്രായേലും ഇറാനും വെടിനിർത്തൽ വാർത്ത സ്ഥിരീകരിച്ചു. ഖത്തറിന്‍റെ സഹായത്തോടെയാണ് അമേരിക്ക വെടിനിർത്തൽ നടപ്പാക്കിയത്.

വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി ഇറാന്‍ ടെലിവിഷൻ റിപ്പോർട്ടുകൾ പറയുമ്പോഴും സര്‍ക്കാര്‍ തലത്തിലുള്ള ഔദ്യോഗിക പ്രതികരണം ഇരുവരെ പുറത്തുവന്നിട്ടില്ല. അതേസമയം, ഗസ്സയിൽ ഇസ്രായേൽ ഇപ്പോഴും നരനായാട്ട് തുടരുകയാണ്. ട്രംപിന്റെ വെടിനിര്‍ത്തല്‍ നിര്‍ദേശം അംഗീകരിക്കുന്നതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു. വെടിനിര്‍ത്തല്‍ ലംഘനത്തോട് ഇസ്രായേല്‍ ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഓപ്പറേഷൻ റൈസിങ് ലയണിലൂടെ ലക്ഷ്യങ്ങൾ പൂർണമായി കൈവരിച്ചതായി നെതന്യാഹു പ്രതികരിച്ചു. ‘രാജ്യത്തിന്‍റെ നിലനിൽപ്പിന് ഭീഷണിയായ രണ്ടു തരത്തിലുള്ള അപകടങ്ങൾ ഇല്ലാതാക്കി. ആണവ ഭീഷണിയും ബാലിസ്റ്റിക് മിസൈൽ ഭീഷണിയും. തെഹ്റാന്‍റെ ആകാശത്തിന്‍റെ പൂർണ നിയന്ത്രണം കൈവശപ്പെടുത്തി സൈനിക നേതൃത്വത്തിന് കനത്ത തിരിച്ചടി നൽകാനായി, ഇറാന്‍റെ തന്ത്രപ്രധാന കേന്ദ്രങ്ങൾ തകർക്കാനായി’ -നെതന്യാഹു പറഞ്ഞു. ലക്ഷ്യം പൂർണമായി കൈവരിച്ച പശ്ചാത്തലത്തിൽ, അമേരിക്കൻ പ്രസിഡന്‍റ് ട്രംപിന്‍റെ വെടിനിർത്തൽ നിർദേശം അംഗീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *