ഗവര്‍ണറുടെ ഭരണഘടനാപരമായ അധികാരങ്ങള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ അതിവേഗത്തിലാക്കി സർക്കാർ

തിരുവനന്തപുരം: ഗവര്‍ണറുടെ ഭരണഘടനാപരമായ അധികാരങ്ങള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ അതിവേഗത്തിലാക്കി സര്‍ക്കാര്‍. എസ്‌സിഇആര്‍ടി കരട് തയ്യാറാക്കാനുള്ള നടപടികള്‍ ആരംഭിച്ചുവെന്ന് കരിക്കുലം കോര്‍ കമ്മിറ്റി അംഗം ഡോ. റോയ് ബി ജോണ്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. രണ്ടാഴ്ചക്കുള്ളില്‍ കരിക്കുലം കമ്മിറ്റി ചേര്‍ന്ന് കരടിന് അംഗീകാരം നല്‍കും. ഗവര്‍ണറെക്കുറിച്ചുള്ള ഭാഗം കൂടി ഉള്‍പ്പെടുത്തി പുസ്തകത്തിന്റെ രണ്ടാം ഭാഗം അച്ചടിക്കുമെന്നും മൂന്നാഴ്ചക്കുള്ളില്‍ പുസ്തകത്തിന്റെ അച്ചടി തുടങ്ങാനാണ് തീരുമാനമെന്നും ഡോ. റോയ് ബി ജോണ്‍ പറഞ്ഞു.

പാഠപുസ്തകത്തിന്റെ രണ്ടാം ഭാഗം അച്ചടിക്കായി പോകേണ്ടത് ഇന്നലെയായിരുന്നു. എന്നാല്‍ പുതിയ ഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തി അച്ചടി തുടങ്ങാമെന്ന തീരുമാനത്തിലാണ് വിദ്യാഭ്യാസ വകുപ്പ്. ഗവര്‍ണറുടെ ഭരണഘടനാപരമായ അധികാരങ്ങള്‍ എന്തൊക്കെയെന്നത് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. പത്താംക്ലാസ് സാമൂഹ്യ ശാസ്ത്ര പുസ്തകത്തിലെ രണ്ടാം വോള്യത്തിലാണ് ഉള്‍പ്പെടുത്തുക.

ജനാധിപത്യ മൂല്യങ്ങള്‍ പഠിക്കേണ്ട യഥാര്‍ത്ഥ ഇടങ്ങള്‍ വിദ്യാലയങ്ങളാണെന്നും കുട്ടികള്‍ ഒരു കാര്യവും തെറ്റായി മനസിലാക്കാന്‍ പാടില്ല എന്നുമാണ് തീരുമാനം അറിയിച്ചുകൊണ്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞത്. കുട്ടികളോട് ഭാരതാംബയെ പൂജിക്കണം സ്മരിക്കണം എന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. ഭരണഘടനാ വിരുദ്ധമായ കാര്യമായതിനാല്‍ ആ പ്രസംഗം ഗവര്‍ണര്‍ പിന്‍വലിക്കണം. ഈ അവസരത്തില്‍ കുട്ടികള്‍ ഗവര്‍ണറുടെ അധികാരങ്ങളെക്കുറിച്ച് പഠിക്കണമെന്നും ശിവന്‍കുട്ടി പറഞ്ഞു. അടുത്ത വര്‍ഷം 11, 12 ക്ലാസുകളിലെ പാഠപുസ്തകത്തിലും ഗവര്‍ണറുടെ അധികാരങ്ങള്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. ഭാരതാംബയുടെ ചിത്രത്തില്‍ കുട്ടികള്‍ക്ക് സംശയമുണ്ടെങ്കില്‍ പാഠപുസ്തകത്തില്‍ അവ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി നേരത്തെ റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *