ചരക്ക് കപ്പല്‍ വാന്‍ ഹായ് 503 നേവിയുടെ പൂര്‍ണ നിയന്ത്രണത്തില്‍

കോഴിക്കോട്:അറബിക്കടലില്‍ കത്തിയ ചരക്ക് കപ്പല്‍ വാന്‍ ഹായ് 503 നേവിയുടെ പൂര്‍ണ നിയന്ത്രണത്തില്‍. കപ്പലിനെ ഇരുമ്പ് വടവുമായി ബന്ധിപ്പിച്ചു. കാലാവസ്ഥ അനുകൂലമായാല്‍ കപ്പലിനെ അടുത്തദിവസം പുറംകടലിലേക്ക് വലിച്ചുകൊണ്ടുപോകും. കപ്പല്‍ച്ചാലിന് പുറത്ത് സുരക്ഷിതമായി മാംഗ്ലൂരിലേക്ക് മാറ്റാനാണ് തീരുമാനം.

ദൗത്യത്തിന്റെ ചിത്രങ്ങളും നാവികസേന പുറത്തുവിട്ടിട്ടുണ്ട്. ഹെലികോപിറ്ററിലെത്തിയ ദൗത്യ സംഘം കപ്പലിലേക്ക് ഇറങ്ങുകയും ഇരുമ്പു വടം ഉപയോഗിച്ച് കപ്പലിനെ മറ്റൊരു കപ്പലുമായി ബന്ധിപ്പിക്കുകയുമായിരുന്നു. ഈ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. മംഗളൂരുവില്‍ എത്തിയതിന് ശേഷമായിരിക്കും മറ്റ് നീക്കങ്ങളിലേക്ക് കടക്കുക.

നാല് നാവികരാണ് കപ്പലിലിറങ്ങിയത്. ടഗ് ഓഫ്‌ഷോര്‍ വാരിയറുമായാണ് ബന്ധിപ്പിച്ചത്. ദൗത്യം കഴിഞ്ഞതിന് പിന്നാലെ നാവിക സേനാംഗങ്ങള്‍ മുകളിലേക്ക് കയറി. കപ്പലില്‍ നിന്ന് ഇപ്പോഴും പുക ഉയരുന്നുണ്ട്.

അതേസമയം, കേരളതീരത്തെ കപ്പല്‍ അപകടങ്ങളില്‍ അമിക്കസ് ക്യൂരിയെ നിയമിച്ച് ഹൈക്കോടതി. അഭിഭാഷകനായ അര്‍ജുന്‍ ശ്രീധരനെയാണ് അമിക്കസ് ക്യൂരിയായി ഹൈക്കോടതി നിയമിച്ചത്. കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപന്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. കൊച്ചി തീരത്ത് കപ്പല്‍ മുങ്ങിയതും, കണ്ണൂര്‍ തീരത്ത് ചരക്ക് കപ്പലിന് തീപിടിച്ചതുമായ വിഷയങ്ങളാകും അമിക്കസ് ക്യൂരിയുടെ പരിഗണനയില്‍ വരിക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *