കേരള കോൺഗ്രസ് മുൻ നേതാവ് നിലമ്പൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. മലപ്പുറം ചുങ്കത്തറ സ്വദേശിയായ മോഹന്‍ ജോര്‍ജാണ് സ്ഥാനാര്‍ത്ഥി. മഞ്ചേരി ബാറിലെ അഭിഭാഷകനാണ് മോഹന്‍ ജോര്‍ജ്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവായ ഇദ്ദേഹം സംസ്ഥാനകമ്മിറ്റി അംഗവുമായിരുന്നു. 47 വര്‍ഷമായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ സജീവ പ്രവര്‍ത്തകനാണ്. ഇദ്ദേഹത്തിന് നിലവിൽ ബിജെപി അംഗത്വം പോലുമില്ല. എന്നാൽ അംഗത്വമെടുത്ത് താമര ചിഹ്നത്തിൽ തന്നെയാവും മോഹൻ ജോർജ് നിലമ്പൂരിൽ മത്സരത്തിനിറങ്ങുക എന്നാണ് സൂചന.
കേരള കോൺഗ്രസിന്‍റെ വിദ്യാർത്ഥി വിഭാഗത്തിന്‍റെയും യുവജന വിഭാഗത്തിന്‍റെയും സംസ്ഥാന നേതൃനിരയിലും മോഹൻ ജോർജ് പ്രവർത്തിച്ചിട്ടുണ്ട്. മാര്‍ത്തോമ സഭ കൗണ്‍സില്‍ അംഗം, ചുങ്കത്തറ മാര്‍ത്തോമ ചര്‍ച്ച് ഉപാധ്യക്ഷന്‍, മാര്‍ത്തോമ കോളേജ് കൗണ്‍സില്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു വരുന്നു.
AlsoRead: പി വി അന്‍വറിനെ കാണാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പോയത് തെറ്റ്, നേരിട്ട് ശാസിക്കുമെന്ന് വിഡി സതീശന്‍
അതേസമയം, ബിജെപിക്ക് മത്സരിക്കാൻ യുഡിഎഫ് സ്ഥാനാർത്ഥിയെ സംഭാവന ചെയ്തതായി നിലമ്പൂരിലെ ഇടത് സ്ഥാനാർഥി എം സ്വരാജ് ആരോപിച്ചു. യുഡിഎഫ് ഘടക കക്ഷിയുടെ സംസ്ഥാന കമ്മിറ്റി അംഗം പാർട്ടി അംഗത്വം രാജി വയ്ക്കാതെ ബിജെപിക്ക് വേണ്ടി മത്സരിക്കുകയാണ്. വിചിത്രമായ കാര്യമാണിത്. ഇതിന് യുഡിഎഫും ബിജെപിയും ജനങ്ങളോട് വിശദീകരണം നൽകണമെന്നും എം സ്വരാജ് പറഞ്ഞു.



