ആര്യ രാജേന്ദ്രനുമായുള്ള വിവാദത്തിന് പിന്നാലെ പിരിച്ചുവിട്ട യദുവിന് പുതിയ നിയമനം

തിരുവനന്തപുരം: മുൻ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനുമായുള്ള റോഡിലെ തർക്കത്തെ തുടർന്ന് കെഎസ്ആർടിസിയിൽ നിന്ന് പിരിച്ചുവിടപ്പെട്ട താൽക്കാലിക ഡ്രൈവർ യദുവിന് യുഡിഎഫ് സർക്കാർ പുതിയ നിയമനം നൽകി. നിയമസഭയിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക ഡ്രൈവറായാണ് യദുവിനെ നിയമിച്ചിരിക്കുന്നത്.

മുൻ മേയർ ആര്യ രാജേന്ദ്രനും കുടുംബവും സഞ്ചരിച്ച കാറിന് സൈഡ് നൽകാത്തതിനെ ചൊല്ലി പാളയത്ത് വെച്ച് യദുവും ആര്യയും തമ്മിൽ ഉണ്ടായ വാക്കേറ്റം വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു. കാറിനെ അപകടകരമായി ഇടിക്കുന്ന തരത്തിൽ ബസ് ഓടിച്ചെന്നും തുടർന്ന് അശ്ലീല ആംഗ്യം കാണിച്ചെന്നും ആരോപിച്ച് ആര്യ രാജേന്ദ്രൻ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ യദുവിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

അതേസമയം, തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ച യദുവും പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും ആദ്യം കേസ് എടുക്കാൻ പോലീസ് തയ്യാറായിരുന്നില്ല. തുടർന്ന് യദു കോടതിയെ സമീപിച്ചതോടെയാണ് ആര്യ രാജേന്ദ്രനും ഭർത്താവും ബാലുശ്ശേരിയിലെ മുൻ എംഎൽഎയുമായ സച്ചിൻ ദേവും ഉൾപ്പെടെയുള്ളവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

സംഭവത്തിന് പിന്നാലെ കെഎസ്ആർടിസിയിൽ നിന്ന് പിരിച്ചുവിടപ്പെട്ട യദു, ജോലിയിൽ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന് ഉൾപ്പെടെ നിവേദനം നൽകിയിരുന്നു. എന്നാൽ, ആര്യ രാജേന്ദ്രനുമായുള്ള തർക്കമല്ല യദുവിനെ പുറത്താക്കാൻ കാരണമെന്നും, ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ചതിനാലാണ് നടപടി സ്വീകരിച്ചതെന്നുമായിരുന്നു മുൻ മന്ത്രിയുടെ വിശദീകരണം.

എന്നാൽ, വിവരാവകാശ രേഖകളുടെ അടിസ്ഥാനത്തിൽ മുൻ മന്ത്രിയുടെ വാദങ്ങൾ തെറ്റാണെന്ന് ചൂണ്ടിക്കാട്ടി യദു പിന്നീട് രംഗത്തെത്തിയിരുന്നു. ഇതുസംബന്ധിച്ച് എൽഡിഎഫ് സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടി ഉണ്ടായിരുന്നില്ല. ഇതിനിടെയാണ് യുഡിഎഫ് സർക്കാർ യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവർ തസ്തികയിൽ പുതിയ നിയമനം നൽകിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button