വനിതാ സംവരണം ബിജെപിയുടെ രാഷ്ട്രീയ ചതിക്കുഴി; മണ്ഡല പുനർനിർണ്ണയത്തെ നേരിടുമെന്ന് കെ.സി. വേണുഗോപാൽ

നിതാ സംവരണ ബില്ലിന്റെ മറവിൽ രാജ്യത്തെ ഭരണം എല്ലാ കാലത്തും നിലനിർത്താനാണ് ബിജെപി ശ്രമിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി. കോൺഗ്രസ് വനിതാ സംവരണത്തെ എതിർക്കുന്നില്ലെന്നും അത് പിന്തുണയ്ക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, 2023-ൽ ബിൽ പാസാക്കിയപ്പോൾ ഉടൻ നടപ്പിലാക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാതെ ഇപ്പോൾ കൃത്യമായ രാഷ്ട്രീയ അജണ്ടയോടെയാണ് കേന്ദ്ര സർക്കാർ നീങ്ങുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ബില്ലിലെ വ്യവസ്ഥകളും പ്രഖ്യാപനങ്ങളും തമ്മിൽ വലിയ വൈരുദ്ധ്യമുണ്ടെന്നും ഇത് ചതിക്കുഴികൾ നിറഞ്ഞ ബില്ലാണെന്നും വേണുഗോപാൽ ആരോപിച്ചു. കേന്ദ്ര ഏജൻസികളെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും ദുരുപയോഗം ചെയ്ത് ബിജെപി ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണ്. മണ്ഡല പുനർനിർണ്ണയവുമായി (ഡിലിമിറ്റേഷൻ) ബന്ധപ്പെട്ട കാര്യങ്ങളിൽ ശക്തമായ എതിർപ്പ് രേഖപ്പെടുത്തുമെന്നും രാജ്യത്തിന്റെ അന്തസ്സത്തയെ ബാധിക്കുന്ന ഇത്തരം നീക്കങ്ങളെ പാർലമെന്റിൽ വോട്ട് രേഖപ്പെടുത്തി തന്നെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ കോൺഗ്രസ് മുഖ്യമന്ത്രി ചർച്ചകളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. സോഷ്യൽ മീഡിയ ചർച്ചകളല്ല കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും നാലാം തീയതി ഫലം വരുന്നതുവരെ എല്ലാവരും കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം കോൺഗ്രസ് നേതൃത്വം ഉചിതമായ തീരുമാനം കൂട്ടായി ആലോചിച്ചെടുക്കും. ജനങ്ങൾ കോൺഗ്രസിന് അനുകൂലമായി വിധിയെഴുതിയിട്ടുണ്ടെന്ന വിശ്വാസത്തിലാണ് പാർട്ടിയെന്നും നേതാക്കൾ പരസ്യ വിവാദങ്ങളിലേക്ക് പോകരുതെന്നും വേണുഗോപാൽ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *