ഇ-20 പെട്രോൾ സുരക്ഷിതമെന്ന് കേന്ദ്രം; പ്രതിഷേധം കടുപ്പിച്ച് ‘ടീം ഭാരത്’

ന്യൂഡൽഹി: ഇ-20 എഥനോൾ മിശ്രിത പെട്രോൾ സുരക്ഷിതമാണെന്ന നിലപാട് വീണ്ടും ആവർത്തിച്ച് കേന്ദ്ര സർക്കാർ. ശാസ്ത്രീയ പരിശോധനകൾക്കും വിപുലമായ പരീക്ഷണങ്ങൾക്കും ശേഷമാണ് എഥനോൾ കലർന്ന പെട്രോൾ രാജ്യത്ത് വിതരണം ആരംഭിച്ചതെന്നും, ഇ-20 ഉപയോഗിച്ചതിന്റെ പേരിൽ വാഹനങ്ങൾക്ക് കാര്യമായ കേടുപാടുകളോ പ്രകടനത്തിലെ കുറവോ ഉണ്ടായതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നും കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി പാർലമെന്റിൽ അറിയിച്ചു.
ഇ-15 ഉൾപ്പെടെയുള്ള എഥനോൾ മിശ്രിത പെട്രോളുകൾ രാജ്യത്ത് മൂന്നര വർഷത്തിലേറെയായി ഉപയോഗിക്കുന്നുണ്ടെന്നും, ഇ-19, ഇ-20 ഇന്ധനങ്ങളും രണ്ടര വർഷത്തിലേറെയായി വിപണിയിലുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഈ കാലയളവിൽ ഇന്ധനം ഉപയോഗിച്ചതിന്റെ പേരിൽ വാഹനങ്ങൾ തകരാറിലായതായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇ-20 പെട്രോളിനെതിരെ വിവിധ സംഘടനകൾ വെള്ളിയാഴ്ച മുതൽ ഡൽഹിയിൽ പ്രതിഷേധം ആരംഭിക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ വിശദീകരണം. പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന ‘ടീം ഭാരത്’ കൂട്ടായ്മയുടെ നേതാവ് തഹ്സീൻ പൂനാവാലയെ വിജയ് ചൗക്കിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ഡൽഹി പൊലീസ് ബലം പ്രയോഗിച്ച് നീക്കിയതായി പരാതി ഉയർന്നിട്ടുണ്ട്. കൂടാതെ, അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടും റദ്ദാക്കിയതായി റിപ്പോർട്ടുണ്ട്. കേന്ദ്രസർക്കാരിനെ വിമർശിച്ചതിനാലാണ് ഇത്തരം നടപടികളെന്ന് തഹ്സീൻ ആരോപിച്ചു.
ഇതിനിടെ, ഇ-20 പെട്രോൾ ഉപയോഗിച്ച് വാഹനം കേടായ ഒരു സംഭവമെങ്കിലും തെളിയിക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വെല്ലുവിളിച്ചിരുന്നു. ഈ വെല്ലുവിളി ഏറ്റെടുത്ത തഹ്സീൻ പൂനാവാല, ഇ-20 ഉപയോഗിച്ച് വാഹനം തകരാറിലായതായി അവകാശപ്പെടുന്ന ആറു പേരെ മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ മന്ത്രിക്ക് മുന്നിൽ ഹാജരാക്കാമെന്ന് വ്യക്തമാക്കി. ഇതുസംബന്ധിച്ച വീഡിയോ സന്ദേശവും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്.
ഇ-20 പെട്രോളിന്റെ സുരക്ഷയെച്ചൊല്ലിയുള്ള കേന്ദ്രസർക്കാരിന്റെയും പ്രതിഷേധക്കാരുടെയും വാദപ്രതിവാദം കൂടുതൽ ശക്തമാകുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ.



