മാറാത്തത് മാറുമോ? ബിജെപിക്ക് 14 സീറ്റുകൾ വരെ പ്രവചിച്ച് എക്സിറ്റ് പോൾ!

കേരളത്തിൽ ഭരണമാറ്റം ഉറപ്പെന്ന് പ്രഖ്യാപിക്കുന്നതാണ് പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം. എന്നാൽ, എൻഡിഎയുടെ പ്രകടനം സംബന്ധിച്ച ‘പീപ്പിൾ ഇൻസൈറ്റ്’ സർവേ ഫലം രാഷ്ട്രീയ കേരളത്തെ ഞെട്ടിക്കുന്നതാണ്. ബിജെപി നയിക്കുന്ന മുന്നണി 10 മുതൽ 14 സീറ്റുകൾ വരെ നേടിയേക്കാമെന്നാണ് ഈ ഏജൻസിയുടെ പ്രവചനം. അതേസമയം, മറ്റ് പ്രമുഖ ഏജൻസികളെല്ലാം യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കുന്നു.
നിയമസഭയിൽ ബിജെപി രണ്ടക്കം തികയ്ക്കുമെന്ന് പീപ്പിൾ ഇൻസൈറ്റ് മാത്രം പ്രവചിക്കുമ്പോൾ, മറ്റ് ഏജൻസികൾ എൻഡിഎ നില മെച്ചപ്പെടുത്തുമെങ്കിലും സീറ്റുകൾ 4-ൽ താഴെയായിരിക്കുമെന്നാണ് കണക്കാക്കുന്നത്. ആക്സിസ് മൈ ഇന്ത്യ യുഡിഎഫിന് പരമാവധി 90 സീറ്റുകൾ വരെ നൽകുന്നു. എല്ലാ സർവേകളും യുഡിഎഫ് സർക്കാർ രൂപീകരിക്കുമെന്ന കാര്യത്തിൽ ഏകാഭിപ്രായക്കാരാണ്. സിറ്റിംഗ് സീറ്റുകളിൽ പലതും നഷ്ടപ്പെടുമെന്നും എൽഡിഎഫ് 50-60 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നും സർവേകൾ സൂചിപ്പിക്കുന്നു.



