സവാള പോക്കറ്റിലിട്ടാല്‍ ചൂടുകുറയുമോ? ശാസ്ത്രവും വിശ്വാസവും കൊമ്പുകോര്‍ക്കുമ്പോള്‍

വേനല്‍ കടുക്കുകയാണ്. ചുട്ടുപൊള്ളുന്ന വെയിലില്‍നിന്ന് രക്ഷനേടാന്‍ പലരും പല വഴികളും തേടുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ഗുണയില്‍ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ നടത്തിയ ഒരു പ്രസ്താവനയാണ് ഇപ്പോള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുന്നത്. തന്റെ കാറില്‍ എസി ഉപയോഗിക്കാറില്ലെന്നും പകരം പോക്കറ്റില്‍ ഒരു സവാള കരുതുകയാണ് പതിവെന്നും, ഇത് 51 ഡിഗ്രി ചൂടില്‍ പോലും ശരീരതാപനില ക്രമീകരിക്കാന്‍ സഹായിക്കുമെന്നുമാണ് മന്ത്രി പറഞ്ഞത്. പോക്കറ്റില്‍നിന്ന് ഒരു സവാള കൈലെടുത്ത് അദ്ദേഹം അത് ജനക്കൂട്ടത്തിന് കാട്ടിക്കൊടുക്കുകയും ചെയ്തു.
പഴമക്കാര്‍ക്കിടയില്‍ പ്രചാരമുള്ള ഈ ‘സവാള പ്രയോഗം’ കേവലം ഒരു ഗ്രാമീണ വിശ്വാസമാണോ അതോ അതില്‍ എന്തെങ്കിലും ശാസ്ത്രീയ സത്യമുണ്ടോ? ഗൗരവകരമായ ഈ വിഷയത്തെ അല്‍പം കൗതുകത്തോടെയും എന്നാല്‍ കൃത്യമായ ശാസ്ത്രീയ ബോധ്യത്തോടെയും നമുക്ക് പരിശോധിക്കാം.
സവാളയെ സംബന്ധിച്ച ഈ മിത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. 16ാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ പ്ലേഗ് പടര്‍ന്നുപിടിച്ച കാലത്ത്, മുറികളില്‍ സവാള മുറിച്ചു വയ്ക്കുന്ന ഒരു രീതി ഉണ്ടായിരുന്നു. വായുവിലുള്ള വിഷാംശങ്ങളെയും രോഗാണുക്കളെയും സവാള വലിച്ചെടുക്കും എന്നതായിരുന്നു അന്നത്തെ വിശ്വാസം.
പ്ലേഗ് മാറിയെങ്കിലും സവാളക്ക് ചുറ്റുമുള്ളതിനെ ആഗിരണം ചെയ്യാനുള്ള കഴിവുണ്ടെന്ന ഈ ധാരണ ഇല്ലാതായില്ല. ഇതേ യുക്തി പിന്നീട് ചൂടിന്റെ കാര്യത്തിലും പ്രയോഗിക്കപ്പെട്ടു. അന്തരീക്ഷത്തിലെ താപത്തെ സവാള വലിച്ചെടുക്കുമെന്നും, അത് പോക്കറ്റില്‍ വച്ചാല്‍ ശരീരത്തിലേക്ക് ചൂട് എത്തുന്നത് തടയുന്ന ഒരു കവചമായി പ്രവര്‍ത്തിക്കുമെന്നും ആളുകള്‍ വിശ്വസിച്ചു തുടങ്ങി. എന്നാല്‍, ശാസ്ത്രീയമായി സവാളയ്ക്ക് താപത്തെ ആഗിരണം ചെയ്യാനോ അന്തരീക്ഷ താപനില കുറയ്ക്കാനോ ഉള്ള ശേഷിയില്ല.
വര്‍ഷത്തില്‍ ഭൂരിപക്ഷം സമയവും കടുത്ത ചൂട് അനുഭവപ്പെടുന്ന ഉത്തരേന്ത്യയില്‍ മിക്ക ഗ്രാമീണരും ഇങ്ങനെ സവാള പോക്കറ്റില്‍ കരുതാറുണ്ട്. മന്ത്രി പ്രസംഗിച്ച വേദിയില്‍ തന്നെ ഒരു ഗ്രാമീണന്‍ തന്റെ പോക്കറ്റില്‍നിന്ന് സവാള പുറത്തെടുത്തു കാണിച്ചതുമാണ്. കാലക്രമേണ, സവാള കഴിക്കുന്നതിനോ അരച്ചു പുരട്ടുന്നതിനോ ഉള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി, അത് കൂടെ കൊണ്ടുനടന്നാലും മതി എന്ന ലളിതമായ രൂപത്തിലേക്ക് ഈ വിശ്വാസം പരിണമിച്ചു. പാരമ്പര്യമായി കൈമാറി വന്ന ഈ രീതി ശാസ്ത്രീയ പരിശോധനകള്‍ കൂടാതെ തന്നെ ജനങ്ങള്‍ സ്വീകരിച്ചു.
ആയുര്‍വേദത്തിലും നാട്ടുചികിത്സയിലും സവാളയ്ക്ക് വലിയ സ്ഥാനമുണ്ട്. എന്നാല്‍, അവിടെയൊന്നും സവാള പോക്കറ്റില്‍ വയ്ക്കാനല്ല നിര്‍ദേശിക്കുന്നത്. സവാളയില്‍ അടങ്ങിയിരിക്കുന്ന ‘ക്വെര്‍സെറ്റിന്‍’ എന്ന ഘടകം ശരീരത്തെ തണുപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ്. പച്ച സവാള സാലഡായി കഴിക്കുന്നത് വിയര്‍പ്പ് ഗ്രന്ഥികളെ ഉത്തേജിപ്പിക്കുകയും അതുവഴി ശരീരം തണുക്കാന്‍ സഹായിക്കുകയും ചെയ്യും. ഉഷ്ണതരംഗമേറ്റ ആളുകളുടെ നെഞ്ചിലോ പാദങ്ങളിലോ സവാള നീര് പുരട്ടുന്ന രീതി ചില നാട്ടുചികിത്സകളില്‍ നിലവിലുണ്ട്. സവാള നീര് ഉണങ്ങുമ്പോള്‍ സംഭവിക്കുന്ന ബാഷ്പീകരണം വഴി ചെറിയൊരു തണുപ്പ് അനുഭവപ്പെട്ടേക്കാം.
സവാളയില്‍ അടങ്ങിയിരിക്കുന്ന അലൈല്‍ പ്രൊപ്പൈല്‍ ഡിസള്‍ഫൈഡ്, ക്വെര്‍സെറ്റിന്‍ തുടങ്ങിയ ബാഷ്പശീലമുള്ള എണ്ണകള്‍ക്കും സംയുക്തങ്ങള്‍ക്കും അലര്‍ജി, നീര്‍വീക്കം എന്നിവയെ ചെറുക്കാനുള്ള ഗുണങ്ങളുണ്ട്. എന്നാല്‍, ഈ രാസപ്രവര്‍ത്തനങ്ങള്‍ ശരീരത്തില്‍ നടക്കണമെങ്കില്‍ ഇവ രക്തത്തില്‍ കലരേണ്ടതുണ്ട്. സവാള പച്ചയ്ക്ക് കഴിക്കുമ്പോള്‍ ഈ ഘടകങ്ങള്‍ ശരീരത്തിലെത്തുകയും വിയര്‍പ്പിനെ ഉത്തേജിപ്പിക്കുകയും ചെയ്യാം. വിയര്‍പ്പ് ബാഷ്പീകരിക്കപ്പെടുമ്പോള്‍ ശരീരം തണുക്കുന്നു. ഇതാണ് സവാളയ്ക്ക് ‘തണുപ്പിക്കുന്ന പ്രഭാവം’ ഉണ്ടെന്ന് പറയാന്‍ കാരണം.
ഒരു സവാള പോക്കറ്റിലോ വസ്ത്രത്തിനടിയിലോ വയ്ക്കുന്നതു കൊണ്ട് ഈ രാസഘടകങ്ങള്‍ ചര്‍മത്തിലൂടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നില്ല. വായുവിലുള്ള താപത്തെ വലിച്ചെടുക്കാനോ ആഗിരണം ചെയ്യാനോ ഉള്ള ഒരു ഭൗതിക ശേഷിയും സവാളയ്ക്കില്ല. അതുകൊണ്ട് തന്നെ ഇത് വെറുമൊരു വസ്തു കൂടെക്കൊണ്ടുനടക്കുന്നതിന് തുല്യം മാത്രമാണ്.
മനുഷ്യശരീരം അമിതമായ ചൂടിനെ പ്രതിരോധിക്കുന്നത് പ്രധാനമായും ബാഷ്പീകരണത്തിലൂടെയുള്ള തണുപ്പിക്കല്‍ വഴിയാണ്. അന്തരീക്ഷ താപനില വര്‍ധിക്കുമ്പോള്‍ മസ്തിഷ്‌കം വിയര്‍പ്പ് ഗ്രന്ഥികള്‍ക്ക് സന്ദേശം അയക്കുകയും വിയര്‍പ്പ് ഉല്‍പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഈ വിയര്‍പ്പ് ചര്‍മത്തില്‍നിന്ന് നീരാവിയായി മാറുമ്പോള്‍ ശരീരത്തിലെ ചൂട് പുറന്തള്ളപ്പെടുന്നു. പോക്കറ്റിലിരിക്കുന്ന ഒരു സവാളയ്ക്ക് വിയര്‍പ്പ് ഗ്രന്ഥികളെ ഉത്തേജിപ്പിക്കാനോ ബാഷ്പീകരണ പ്രക്രിയയെ വേഗത്തിലാക്കാനോ കഴിയില്ല.
പോക്കറ്റില്‍ സവാളയുണ്ടെന്ന ധാരണ ഒരാള്‍ക്ക് വെയിലത്തിറങ്ങുമ്പോള്‍ ചെറിയൊരു ആത്മവിശ്വാസം നല്‍കിയേക്കാം. ഇതിനെയാണ് ‘പ്ലേസിബോ ഇഫക്റ്റ്’ എന്നു വിളിക്കുന്നത്. എന്നാല്‍, ഈ മാനസികമായ ആശ്വാസം ശരീരത്തെ സൂര്യാഘാതത്തില്‍നിന്ന് സംരക്ഷിക്കില്ല എന്നതാണ് യാഥാര്‍ഥ്യം. സവാളയുടെ യഥാര്‍ഥ ഔഷധ ഗുണങ്ങളെക്കുറിച്ചുള്ള അറിവുകള്‍ തലമുറകളിലൂടെ കൈമാറി വന്നപ്പോള്‍ സംഭവിച്ച ചില മാറ്റങ്ങളാണ് ഇതിനെ ഒരു പോക്കറ്റ് മരുന്നായി മാറ്റിയത്. വിഴുങ്ങേണ്ട മരുന്ന് കൈയില്‍ പിടിച്ചാല്‍ ഗുണം കിട്ടില്ല എന്നതുപോലെ തന്നെയാണ് സവാളയുടെ കാര്യവും.
ചുട്ടുപൊള്ളുന്ന വേനലില്‍നിന്ന് രക്ഷനേടാന്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ട മാര്‍ഗ്ഗങ്ങള്‍ പാലിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അന്തരീക്ഷ താപനില 45 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ പോകുമ്പോള്‍ ഇത്തരം അശാസ്ത്രീയമായ കാര്യങ്ങളില്‍ വിശ്വസിച്ച് മുന്‍കരുതലുകള്‍ എടുക്കാതിരിക്കുന്നത് ഹൈപ്പര്‍തെര്‍മിയ പോലുള്ള ഗുരുതരമായ അവസ്ഥകളിലേക്ക് നയിക്കാം. ശരീരത്തിലെ ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കുന്ന അവസ്ഥയാണിത്.
ദാഹം അനുഭവപ്പെടുമ്പോള്‍ മാത്രം വെള്ളം കുടിക്കുക എന്ന ശീലം ചൂടുകാലത്ത് അപകടകരമാണ്. ഓരോ 20 മിനിറ്റിലും കുറഞ്ഞത് ഒരു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാന്‍ ശ്രമിക്കുക. വിയര്‍പ്പിലൂടെ ശരീരത്തിലെ ലവണങ്ങള്‍ നഷ്ടപ്പെടുന്നത് തടയാന്‍ ഒ.ആര്‍.എസ്., ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, അല്ലെങ്കില്‍ ഇളനീര്‍ എന്നിവ കുടിക്കുന്നത് നല്ലതാണ്. കാപ്പി, ചായ, മദ്യം, അമിതമായി മധുരം ചേര്‍ത്ത പാനീയങ്ങള്‍ എന്നിവ നിര്‍ജലീകരണത്തിന് കാരണമാകും എന്നതിനാല്‍ അവ ഒഴിവാക്കുക.
ചൂടുകാലത്ത് ശരീരത്തിലെ ചൂട് പുറത്തേക്ക് പോകാന്‍ സഹായിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കണം. പരുത്തി (കോട്ടണ്‍) അല്ലെങ്കില്‍ ലിനന്‍ വസ്ത്രങ്ങള്‍ ധരിക്കുക. ഇവ വിയര്‍പ്പ് ആഗിരണം ചെയ്യുകയും ചര്‍മത്തിന് ശ്വസിക്കാന്‍ ആവശ്യമായ വായുസഞ്ചാരം നല്‍കുകയും ചെയ്യുന്നു. ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്നു, എന്നാല്‍, ഇരുണ്ട നിറങ്ങള്‍ ചൂടിനെ ആഗിരണം ചെയ്യുന്നു. സൂര്യപ്രകാശം ഏറ്റവും തീവ്രമായ സമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കുകയാണ് ഏറ്റവും വലിയ പ്രതിരോധം. രാവിലെ 11 മണി മുതല്‍ വൈകിട്ട് മൂന്നു മണി വരെയുള്ള സമയത്ത് വീടിനുള്ളിലോ തണലുള്ള ഇടങ്ങളിലോ ഇരിക്കാന്‍ ശ്രദ്ധിക്കുക. പുറംജോലികള്‍ ചെയ്യുന്നവര്‍ ഈ സമയം ക്രമീകരിക്കണം.
തലകറക്കം, കടുത്ത തലവേദന, അമിതമായ ക്ഷീണം, വിയര്‍പ്പ് നില്‍ക്കുക എന്നിവ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളാകാം. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തണുപ്പുള്ള സ്ഥലത്തേക്ക് മാറുകയും വൈദ്യസഹായം തേടുകയും വേണം. ഒപ്പം, കാറിലാണെങ്കിലും വീട്ടിലാണെങ്കിലും വായുസഞ്ചാരം ഉറപ്പാക്കുക. തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് ശരീരതാപനില പെട്ടെന്ന് കുറയ്ക്കാന്‍ സഹായിക്കും.
മന്ത്രിയുടെ പ്രസ്താവന ഒരു നാട്ടുവിശ്വാസത്തിന്റെ ഭാഗമായി കാണാമെങ്കിലും, ജീവന്‍ രക്ഷിക്കാന്‍ ശാസ്ത്രീയമായ മുന്‍കരുതലുകള്‍ തന്നെയാണ് ഏക പോംവഴി. 50 ഡിഗ്രി ചൂട് എന്നത് ശാരീരികമായി അതീവ ഗുരുതരമായ സാഹചര്യമാണെന്ന് ഓര്‍ക്കുക.
സവാള ഒരു മികച്ച ഭക്ഷണപദാര്‍ത്ഥമാണ്, പക്ഷേ, അതൊരു മാന്ത്രിക കവചമല്ല. കഠിനമായ ചൂടില്‍നിന്ന് രക്ഷനേടാന്‍ സവാള പോക്കറ്റില്‍ വയ്ക്കുന്നതിനേക്കാള്‍ ഗുണകരം അത് സാലഡായി കഴിക്കുന്നതും, ധാരാളം വെള്ളം കുടിക്കുന്നതുമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *