വോട്ടിംഗ് യന്ത്ര തകരാർ ആരോപണം: പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ റീ-പോളിംഗ് തുടങ്ങി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലെ ചില ബൂത്തുകളിൽ റീ-പോളിംഗ് ഇന്ന് ആരംഭിച്ചു. മഗ്രാഹത്ത് പശ്ചിമിലെ 11 ബൂത്തുകളിലും ഡയമണ്ട് ഹാർബറിലെ നാല് ബൂത്തുകളിലുമാണ് വീണ്ടും വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറ് മണിവരെ തുടരും.
ഏപ്രിൽ 29ന് നടന്ന തിരഞ്ഞെടുപ്പിനിടെ ഉണ്ടായ ക്രമക്കേടുകളുടെ പശ്ചാത്തലത്തിലാണ് ഈ ബൂത്തുകളിലെ വോട്ടെടുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷൻ അസാധുവാക്കി റദ്ദാക്കിയത്. തുടർന്ന് മേയ് 2ന് ഈ 15 ബൂത്തുകളിൽ വീണ്ടും വോട്ട് രേഖപ്പെടുത്താമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു.
റിട്ടേണിംഗ് ഓഫീസർമാരുടെയും തിരഞ്ഞെടുപ്പ് നിരീക്ഷകരുടെയും റിപ്പോർട്ടുകൾ പരിഗണിച്ചാണ് നടപടി. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 58(2) പ്രകാരമാണ് വോട്ടെടുപ്പ് അസാധുവായി പ്രഖ്യാപിച്ചത്. റീ-പോളിംഗ് സംബന്ധിച്ച വിവരം പൊതുജനങ്ങളെ അറിയിക്കാനും സ്ഥാനാർത്ഥികളെ രേഖാമൂലം അറിയിക്കാനും ബംഗാൾ ചീഫ് ഇലക്ടറൽ ഓഫീസർ നിർദ്ദേശം നൽകിയിരുന്നു.
ഡയമണ്ട് ഹാർബറിലെ ഫൽത്ത നിയോജക മണ്ഡലത്തിലെ ഒരു ബൂത്തിൽ വോട്ടിംഗ് യന്ത്രങ്ങളിൽ ബിജെപി, സിപിഎം സ്ഥാനാർത്ഥികളുടെ പേരിന് മുന്നിലുള്ള ബട്ടണുകൾ ടേപ്പ് ഉപയോഗിച്ച് മറച്ചുവെന്ന ആരോപണം ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. തൃണമൂൽ കോൺഗ്രസ് നേതാവ് ജഹാംഗീർ ഖാന്റെ സ്വാധീന മേഖലയിലാണെന്ന് ആരോപിച്ച് വ്യാപക ക്രമക്കേടുകൾ നടന്നതായും ബിജെപി പരാതിപ്പെട്ടു.
പരാതികളെ തുടർന്ന് ഫൽത്തയിലെ ചില കേന്ദ്രങ്ങളിൽ വോട്ടെടുപ്പ് താത്കാലികമായി നിർത്തിവെച്ചിരുന്നു. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം ആരംഭിച്ചതായും അറിയിച്ചിട്ടുണ്ട്.



