വിജയ് സർക്കാരിന്റെ ആദ്യ രാഷ്ട്രീയ പരീക്ഷ; കാവേരി തർക്കത്തിൽ പ്രതിപക്ഷം സമ്മർദ്ദം കടുപ്പിക്കുന്നു

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ സി. ജോസഫ് വിജയ് സർക്കാരിന് മുന്നിലെ ആദ്യ വലിയ രാഷ്ട്രീയ വെല്ലുവിളിയായി കാവേരി നദീജല തർക്കം മാറുന്നു. വിഷയത്തിൽ അടിയന്തര സർവ്വകക്ഷി യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സർക്കാരിന് മേൽ സമ്മർദ്ദം ശക്തമാക്കിയിരിക്കുകയാണ്.

എന്നാൽ, പ്രതിപക്ഷത്തിന്റെ ആവശ്യം രാഷ്ട്രീയ നാടകമാണെന്ന് ആരോപിച്ച് ടിവികെ സർക്കാർ സർവ്വകക്ഷി യോഗം വിളിക്കാനുള്ള ആവശ്യം തള്ളി. കാവേരി വിഷയം നിയമസഭയിൽ ഇതിനകം ചർച്ച ചെയ്തിട്ടുണ്ടെന്ന് ടിവികെ നേതാവ് സി.ടി.ആർ. നിർമ്മൽ കുമാർ വ്യക്തമാക്കി. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് ഡിഎംകെയിലെ മുതിർന്ന നേതാവിന്റെ കുടുംബവുമായി അടുത്ത ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, മുഖ്യമന്ത്രി വിജയ്‌യെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ആരോപിച്ച് ഡിഎംകെ രംഗത്തെത്തി. സർവ്വകക്ഷി യോഗം വിളിക്കാൻ മുഖ്യമന്ത്രി തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചും ഡിഎംകെ വിമർശനം ശക്തമാക്കി.

നേരത്തെ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി കൂടിക്കാഴ്ച നടത്താൻ വിജയ് തീരുമാനിച്ചിരുന്നെങ്കിലും കർണാടകയിലെ പ്രതിഷേധം കണക്കിലെടുത്ത് അത് മാറ്റിവെച്ചിരുന്നു. നിലവിലെ പ്രതിസന്ധി മറികടക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് സർക്കാർ. കാവേരി ജലത്തിന്മേലുള്ള തമിഴ്നാടിന്റെ അവകാശങ്ങൾ സംരക്ഷിക്കുമെന്നാണ് സർക്കാരിന്റെ നിലപാട്.

ഇതിനിടെ, കാവേരി വിഷയത്തിൽ സർക്കാരിനെതിരെ കർഷകരെ അണിനിരത്തി വൻ പ്രതിഷേധം സംഘടിപ്പിക്കാനാണ് ഡിഎംകെയുടെ തീരുമാനം. തഞ്ചാവൂരിൽ നടക്കുന്ന പ്രതിഷേധയോഗം ഉദയനിധി സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും.

അതേസമയം, കാവേരി നദീജല തർക്കത്തിൽ തമിഴ്നാട് ഇന്ന് സുപ്രീം കോടതിയെ സമീപിക്കും. കർണാടക കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റിയുടെ ഉത്തരവ് പാലിച്ച് 15 ദിവസത്തേക്ക് പ്രതിദിനം 3,500 ക്യുസെക്‌സ് വെള്ളം വിട്ടുനൽകണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം. എന്നാൽ, ജലലഭ്യത കുറവായതിനാൽ വെള്ളം വിട്ടുനൽകാനാകില്ലെന്ന നിലപാടിലാണ് കർണാടക. അതോറിറ്റിയുടെ ഉത്തരവിനെതിരെയും കർണാടക എതിർപ്പ് തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button