വസ്ത്രധാരണ വിവാദം: ‘തെസ്നി ഖാൻ പറഞ്ഞത് 100 ശതമാനം ശരി’; പുതുമുഖ നടിക്കെതിരെ രൂക്ഷ വിമർശനം

തിരുവനന്തപുരം: കേരളത്തിലെ മഴക്കെടുതിയ്ക്കിടെ മുഖ്യമന്ത്രി വി ഡി സതീശൻ ജുവലറി ഉദ്ഘാടനത്തിന് പോയത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഇതിന്റെ വീഡിയോകളും ഫോട്ടോകളും പുറത്തുവന്നതോടെയാണ് സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നത്.
ഇതിന് പിന്നാലെ ഒരു വീഡിയോയുടെ താഴെ നടി തെസ്നി ഖാൻ കുറിച്ച കമന്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം. പുതുമുഖ നടി ഐശ്വര്യ ചന്ദ്രൻ മുഖ്യമന്ത്രി വി ഡി സതീശനൊപ്പം ഫോട്ടോ എടുക്കുന്ന വീഡിയോയിലാണ് തെസ്നി ഖാൻ കമന്റ് ചെയ്തത്. പൊതുപരിപാടിയിൽ പങ്കെടുക്കുന്നവർ മാന്യമായി വസ്ത്രം ധരിച്ചുവരണമെന്നാണ് നടി കുറിച്ചത്.’എനിക്ക് പലപ്പോഴും തോന്നുന്ന ഒരു കാര്യമാണ്. തെറ്റാണോ ശരിയാണോ എന്ന അറിയില്ല.
ഇപ്പോഴത്തെ ജനറേഷൻ പിള്ളേർക്ക് എങ്ങനെ വേണമെങ്കിലും നടക്കാം. അതിനുള്ള പെർമിഷനും അവകാശവും ഉണ്ട്. പക്ഷേ ഒരു മുഖ്യമന്ത്രി വരുന്ന സദസിൽ, ഒരു നല്ല സ്റ്റാൻഡേർഡ് ഉള്ള സദസിൽ മാന്യമായി ഡ്രസ് ധരിച്ചുവരുകയാണെങ്കിൽ അതൊരു നല്ല കാര്യമായിരുന്നു’- എന്നായിരുന്നു തെസ്നി ഖാന്റെ കമന്റ്. നടിയുടെ കമന്റിന്റെ സ്ക്രീൻ ഷോട്ട് വളരെ വേഗം സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. നിരവധിപേരാണ് തെസ്നി ഖാന്റെ പരമാർശത്തെ പിന്തുണച്ച് രംഗത്തെത്തുന്നത്.
‘സത്യമല്ലേ അവർ പറഞ്ഞത്’, ‘തസ്നിഖാൻ പറഞ്ഞത് വളരെ ശരിയാണ്. എന്നാൽ പൊതുവേദികളിലെല്ലാം മാന്യമായ വസ്ത്രം ധരിക്കുക അവരുടെ ഇഷ്ടമുള്ള വസ്ത്രം ധരിച്ച് ഇഷ്ടമുള്ള വഴിയേ പോയിക്കോട്ടെ’, ‘അവർ പറഞ്ഞത് 100 ശതമാനം ശരിയാണ്. ഇവിടെ ഒരു സിനിമ ഷൂട്ടിംഗ് അല്ലല്ലോ നടക്കുന്നത് സംവിധായകൻ ആഗ്രഹിക്കുന്ന തരത്തിലുള്ള വസ്ത്രം അണിഞ്ഞുവരാൻ ഇവിടെ ആരും നിർബന്ധിക്കുന്നില്ല. അപ്പോൾ മാന്യമായ വസ്ത്രധാരണം വിമർശനങ്ങൾക്ക് വഴി വയ്ക്കില്ല’- ഇങ്ങനെ പോകുന്നു കമന്റുകൾ.



