വിജയ് സർക്കാർ രൂപീകരണത്തിലേക്ക്; മുസ്ലിം ലീഗും പുറത്ത് നിന്ന് പിന്തുണ പ്രഖ്യാപിച്ച് രാഷ്ട്രീയ സമവാക്യങ്ങളിൽ മാറ്റം

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപീകരണ നീക്കങ്ങൾ നിർണായക ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ മുസ്ലിം ലീഗിന്റെ രാഷ്ട്രീയ തീരുമാനം ശ്രദ്ധേയമാകുന്നു. വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിന് (ടിവികെ) ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പുറത്തുനിന്ന് പിന്തുണ നൽകുമെന്ന് റിപ്പോർട്ടുകൾ.
ലീഗിന്റെ പിന്തുണ സംബന്ധിച്ച ഔദ്യോഗിക കത്ത് ലഭിക്കുന്നതോടെ സർക്കാർ രൂപീകരണ അവകാശവാദവുമായി വിജയ് ഗവർണറെ കാണുമെന്നാണ് വിവരം. നേരത്തെ കോൺഗ്രസ്, ഇടത് പാർട്ടികൾ, വി സി കെ എന്നിവയുടെ പിന്തുണയും ടിവികെ ഉറപ്പാക്കിയിരുന്നു.
234 അംഗ നിയമസഭയിൽ 108 സീറ്റുകളുള്ള ടിവികെ, ലീഗ് ഉൾപ്പെടെയുള്ള പാർട്ടികളുടെ പിന്തുണയോടെ കേവല ഭൂരിപക്ഷമായ 118 എന്ന മാന്ത്രിക സംഖ്യ മറികടക്കുമെന്നാണ് പ്രതീക്ഷ. ഇതോടെ വിജയ് മുഖ്യമന്ത്രിയായി സർക്കാർ രൂപീകരണം ഉറപ്പാകുന്ന സാഹചര്യത്തിലേക്കാണ് നീക്കം നീങ്ങുന്നത്.
ഡിഎംകെ മുന്നണിയുടെ ഭാഗമായിരുന്ന മുസ്ലിം ലീഗ് പുറത്തുനിന്ന് പിന്തുണ നൽകാൻ തീരുമാനിച്ചതോടെ തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുകയാണ്. മന്ത്രിസഭയിൽ ചേരണോ, സ്പീക്കർ പദവി പോലുള്ള സ്ഥാനങ്ങൾ സ്വീകരിക്കണോ എന്ന കാര്യത്തിൽ ലീഗ് നേതൃത്വം അന്തിമ തീരുമാനം എടുത്തിട്ടില്ല.
അതേസമയം, കോൺഗ്രസിന്റെ അഞ്ച് എംഎൽഎമാരും ഇടത് പാർട്ടികളുടെ നാല് എംഎൽഎമാരും വി സി കെയുടെ ഒരു എംഎൽഎയും ഉൾപ്പെടെ വിവിധ പാർട്ടികളുടെ പിന്തുണയോടെ ടിവികെ സർക്കാർ രൂപീകരണത്തിലേക്ക് നീങ്ങുകയാണ്. സിപിഎം, സിപിഐ എന്നിവ മന്ത്രിസഭയിൽ ചേരില്ലെങ്കിലും ഉപാധികളില്ലാതെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.



