വന്ദേമാതരം വിവാദത്തിൽ തമിഴ്നാട് ചൂടുപിടിച്ചു; വിജയ്‌ക്കെതിരെ ഡിഎംകെ-സിപിഐ ആക്രമണം

ചെന്നൈ: സി ജോസഫ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ ‘വന്ദേമാതരം’ ആലപിച്ചതിനെ ചൊല്ലി തമിഴ്നാട്ടിൽ രാഷ്ട്രീയ വിവാദം ശക്തമാകുന്നു. തമിഴ് തായ് വാഴ്ത്ത് അവഗണിച്ചുവെന്നാരോപിച്ച് ഡിഎംകെയും സിപിഐയും രംഗത്തെത്തി. സംഭവത്തിന് പിന്നാലെ ഡിഎംകെ-ടിവികെ അനുകൂലികൾ തമ്മിൽ സോഷ്യൽ മീഡിയയിലും കടുത്ത വാക്‌പോരിന് തുടക്കമായി.
വന്ദേമാതരം ആലപിച്ച് വിജയ് ബിജെപിയെ പ്രീതിപ്പെടുത്താൻ ശ്രമിച്ചുവെന്നും തമിഴ് തായ് വാഴ്ത്തിന് വേണ്ട പ്രാധാന്യം നൽകിയില്ലെന്നുമാണ് ഡിഎംകെയുടെ ആരോപണം. പശ്ചിമ ബംഗാളിലെ സത്യപ്രതിജ്ഞ ചടങ്ങുകളിലുപോലും വന്ദേമാതരം ആലപിച്ചിരുന്നില്ലെന്ന് ഡിഎംകെ അനുകൂല സോഷ്യൽ മീഡിയ ഹാൻഡിലുകൾ ചൂണ്ടിക്കാട്ടി.
അതേസമയം, 2021-ൽ എം കെ സ്റ്റാലിൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിന്റെ വീഡിയോ പങ്കുവച്ചാണ് ടിവികെ അനുകൂലികൾ തിരിച്ചടിച്ചത്. സ്റ്റാലിൻ മുഖ്യമന്ത്രിയായിരിക്കെ രാജേന്ദ്ര ആർലേക്കർ ഗവർണറായി ചുമതലയേറ്റ ചടങ്ങിൽ വന്ദേമാതരം ആലപിച്ചിരുന്നുവെന്നും ടിവികെ ചൂണ്ടിക്കാട്ടുന്നു.
സംഭവത്തിൽ പ്രോട്ടോക്കോൾ മാറ്റത്തിന് കാരണം വ്യക്തമാക്കണമെന്നും തമിഴ് തായ് വാഴ്ത്ത് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെന്നുമാണ് സിപിഐയുടെ വിമർശനം. സംസ്ഥാനത്തിന്റെ പാരമ്പര്യം ഇതല്ലെന്നും നിയമസഭാ ചടങ്ങുകളിൽ തമിഴ് തായ് വാഴ്ത്ത് ആദ്യം ആലപിക്കണമെന്നുമാണ് പാർട്ടിയുടെ ആവശ്യം.
ടിവികെ അധ്യക്ഷനും നടനുമായ വിജയ് രാവിലെ നെഹ്‌റു സ്റ്റേഡിയംയിൽ നടന്ന വിപുലമായ ചടങ്ങിലാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഗവർണർ രാജേന്ദ്ര ആർലേക്കർ വിജയിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിൽ രാഹുൽ ഗാന്ധി അടക്കമുള്ള ദേശീയ നേതാക്കളും സിനിമാതാരങ്ങളും പങ്കെടുത്തു.
120 എംഎൽഎമാരുടെ പിന്തുണയോടെയാണ് ടിവികെ സർക്കാർ രൂപീകരിച്ചത്. വിജയ്‌ക്കൊപ്പം ഒമ്പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. കോൺഗ്രസ് മന്ത്രിമാരുടെ പട്ടിക വിശ്വാസവോട്ടിന് ശേഷമായിരിക്കും പ്രഖ്യാപിക്കുക. മന്ത്രിസഭയിലെ ഏക വനിതാ മന്ത്രിയായ സെല്‍വി എസ് കീർത്തന ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയെന്ന പ്രത്യേകതയും സ്വന്തമാക്കി. ശിവകാശിയിൽ നിന്നുള്ള എംഎൽഎയായ കീർത്തന മുൻപ് പൊളിറ്റിക്കൽ കൺസൾട്ടന്റായിരുന്നു.



